ന്യൂഡൽഹി : ഉത്തരാഖണ്ഡിലെ തങ്ങളുടെ എല്ലാ യൂണിറ്റുകളും പിരിച്ചുവിട്ടതായി ആം ആദ്മി പാർട്ടി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് ആപ്പിന് കാര്യമായ ചലനങ്ങൾ ഉണ്ടാക്കാൻ സാധിക്കാത്തതിനാലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അക്കൗണ്ട് തുറക്കാൻ കഴിയാത്തതിനാലും ആണ് ഈ തീരുമാനം എന്ന് പറയപ്പെടുന്നു. എന്നാൽ ഉത്തരാഖണ്ഡിൽ പുതിയ നിയമനങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു.
“ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ സംഘടന ആം ആദ്മി പാർട്ടി പിരിച്ചുവിടുന്നു. ഇതുവരെയുള്ള സംഭാവനകൾക്ക് എല്ലാ ഭാരവാഹികൾക്കും നന്ദി പറയുന്നു. പുതിയ ഭാരവാഹികളെ ഉടൻ നിയമിക്കും” എന്നാണ് എക്‌സ് അക്കൗണ്ടിൽ എഎപി പോസ്റ്റ് ചെയ്തത്.
2022ലെ ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ ദയനീയ തോൽവിയായിരുന്നു ആം ആദ്മി പാർട്ടി നേരിടേണ്ടിവന്നത്. ഇതിന് പിന്നാലെ പാർട്ടി സംസ്ഥാന ഘടകം പിരിച്ചുവിട്ടിരുന്നു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ഇത് രണ്ടാം തവണയാണ് പാർട്ടി സംസ്ഥാന ഘടകം പിരിച്ചുവിടുന്നത്.
ഉത്തരാഖണ്ഡിലെ 70 അംഗ നിയമസഭയിൽ, ഭാരതീയ ജനതാ പാർട്ടിക്ക് 49 സീറ്റുകളും കോൺഗ്രസിന് 19 സീറ്റുകളും ബഹുജൻ സമാജ് പാർട്ടിക്ക് രണ്ട് സീറ്റുകളും ആണ് ഉള്ളത്.








