കോട്ടയം: മുല്ലപ്പെരിയാര്‍ അണക്കെട്ടിനെപ്പറ്റി ഭീതി വേണ്ടെന്ന് ജസ്റ്റിസ് കെ.ടി. തോമസ്. ഡാം തകരുമെന്ന തെറ്റിദ്ധാരണ ഉന്നതാധികാര സമിതി സമര്‍പ്പിച്ച 5000 പേജുള്ള റിപ്പോര്‍ട്ട് പഠിച്ചാല്‍ പൂര്‍ണമായും മാറുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണ രീതിയിലുള്ള ഭൂകമ്പം ഉണ്ടായാലും ഡാം തകരില്ല. ഈ കാര്യങ്ങള്‍ മുല്ലപ്പെരിയാറിനു സമീപം താമസിക്കുന്ന നാട്ടുകാരെ ബോധ്യപ്പെടുത്താന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
സുവര്‍ണം-2015 സാംസ്‌കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജലനിരപ്പ് ഉയര്‍ന്നാല്‍ മുല്ലപ്പെരിയാര്‍ ഡാം തകരുമെന്ന് നേരത്തെ തനിക്കും ആശങ്ക ഉണ്ടായിരുന്നെന്നും കാര്യങ്ങള്‍ സൂക്ഷ്മമായി പഠിച്ചപ്പോള്‍ അതു മാറി – മുല്ലപ്പെരിയാര്‍ മുന്‍ ഉന്നതാധികാര സമിതി അംഗം കൂടിയായ ജസ്റ്റിസ് കെ.ടി. തോമസ് വ്യക്തമാക്കി
മൂന്നു ഘട്ടങ്ങളിലായി അണക്കെട്ടു ബലപ്പെടുത്തിയിട്ടുണ്ടെന്നും ഇതോടെ പുതിയ ഡാമിനു തുല്യമായിരിക്കുകയാണ് മുല്ലപ്പെരിയാര്‍ ഡാമെന്നും അദ്ദേഹം പറഞ്ഞു. ഡാം സുരക്ഷിതമല്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം സുപ്രീം കോടതിയില്‍ തെളിയിക്കാന്‍ കഴിഞ്ഞില്ല. ഏഴു കോടിയിലേറെ രൂപ മുടക്കി പ്രമുഖരായ അഭിഭാഷകരെ കോടതിയില്‍ അണിനിരത്തിയെങ്കിലും കേരളത്തിന്റെ നിലപാട് പൂര്‍ണമായി അവതരിപ്പിക്കാന്‍ കഴിഞ്ഞില്ലെന്നും ജസ്റ്റിസ് തോമസ് പറഞ്ഞു.
മുല്ലപ്പെരിയാറിലെ വെള്ളം കൊണ്ടുപോകുന്ന തമിഴ്‌നാടിനോട് ആവശ്യപ്പെട്ടാല്‍ ഇവിടെ ആവശ്യത്തിനുള്ള വൈദ്യുതി ലഭിക്കും. എന്നാല്‍ അതു വാങ്ങാന്‍ കേരളം തയാറല്ല. വൈദ്യുതി വാങ്ങിയാല്‍ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്‌നാട് പറയുന്നത് നമ്മള്‍ അംഗീകരിക്കുന്നുവെന്ന വ്യാഖ്യാനം വരുമെന്നതിനാലാണ് സര്‍ക്കാര്‍ അതൊഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post