ന്യൂഡൽഹി: പാഠപുസ്തകങ്ങളിൽ ഇന്ത്യ എന്ന പേര് മാറ്റി ഭാരതം എന്നാക്കാനുള്ള ശുപാർശ എൻ സി ഇ ആർ ടി ഏകകണ്ഠമായി അംഗീകരിച്ചു. ലോകമെമ്പാടുമുള്ള എൻ സി ഇ ആർ ടിയുടെ പാഠപുസ്തകങ്ങളിൽ ഇനി ഇന്ത്യ എന്നതിന് പകരം ഭാരതം എന്നായിരിക്കും രേഖപ്പെടുത്തുക. വരാനിരിക്കുന്ന പുസ്തകങ്ങളിൽ ഈ മാറ്റം ഉൾപ്പെടുത്തും.
പാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കാനുള്ള നിർദേശം നേരത്തേ തന്നെ നൽകിയിരുന്നതാണ്. എന്നാൽ ഇപ്പോഴാണ് ഇതിന് ഔദ്യോഗിക അനുമതി ലഭിക്കുന്നത്. കൂടാതെ, ഹിന്ദു സാമ്രാജ്യങ്ങളുടെ വിജയഗാഥകൾ ചരിത്ര പുസ്തകങ്ങളിൽ ഉൾപ്പെടുത്താനുള്ള നിർദേശവും എൻ സി ഇ ആർ ടി അംഗീകരിച്ചു.
രാജ്യത്തിന്റെ പേര് ഭാരതം എന്ന് ഔദ്യോഗിക രേഖകളിൽ രേഖപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തെ എതിർത്ത് നേരത്തേ പ്രതിപക്ഷ കക്ഷികൾ രംഗത്ത് വന്നിരുന്നു. എന്നാൽ ആസിയാൻ സമ്മേളനത്തിൽ ഭാരതത്തിന്റെ പ്രധാനമന്ത്രി എന്ന വിശേഷണമാണ് നരേന്ദ്ര മോദി സ്വീകരിച്ചിരുന്നത്.
കൂടാതെ, ജി20 ഉച്ചകോടിയുമായി ബന്ധപ്പെട്ട് നടന്ന അത്താഴവിരുന്നിനുള്ള ക്ഷണപത്രികയിൽ ഭാരതത്തിന്റെ പ്രസിഡന്റ് എന്നാണ് രാഷ്ട്രപതി ദ്രൗപദി മുർമു രേഖപ്പെടുത്തിയിരുന്നത്. ഭാരതം എന്ന പദം പുതിയതാണ് എന്ന തരത്തിൽ വിവാദങ്ങൾ ഉയർത്തുന്നത് അംഗീകരിക്കാനാവില്ലെന്നും, ഭരണഘടനയിൽ തന്നെ ആ പേര് പ്രതിപാദിക്കുന്നുണ്ടെന്നും വിദേശകാര്യ വകുപ്പ് മന്ത്രി എസ് ജയ്ശങ്കർ വ്യക്തമാക്കിയിരുന്നു.









