ബംഗളുരു : കർണാടകയിലെ ദേശീയപാത 44ൽ നിർത്തിയിട്ടിരുന്ന ട്രക്കുമായി ടാറ്റ സുമോ കൂട്ടിയിടിച്ചു. അപകടത്തിൽ 13 പേർ മരണപ്പെട്ടു. കര്‍ണാടക ചിക്കബെല്ലാപുരയില്‍ ആണ് അപകടമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലേക്ക് വാഹനം ഇടിച്ചുകയറുകയായിരുന്നു.
പ്രദേശത്ത് കനത്ത മൂടൽമഞ്ഞ് ഉണ്ടായിരുന്നത് കാരണം നിർത്തിയിട്ടിരുന്ന ട്രക്ക് ഡ്രൈവറുടെ ശ്രദ്ധയില്‍പ്പെടാതിരുന്നതാണ് അപകടത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു.
ആന്ധ്രാപ്രദേശിൽ നിന്ന് ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ആന്ധ്രാപ്രദേശിലെ ശ്രീ സത്യസായി ജില്ലയിലെ ഗോരന്ത്ല സ്വദേശികളാണ് മരണപ്പെട്ടത്.
അപകടത്തെ തുടർന്ന് 12 പേര്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ നിലയിൽ ഒരാളെ ആശുപത്രിയിൽ എത്തിച്ചിരുന്നു. അധികം വൈകാതെ തന്നെ അയാളും മരണപ്പെടുകയായിരുന്നു. അപകടത്തെക്കുറിച്ച് കൂടുതൽ വിശദമായ അന്വേഷണങ്ങൾ നടത്തിവരികയാണെന്ന് കർണാടക പോലീസ് അറിയിച്ചു.










