ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിന്റെ (എസ്ആർസിസി) ശതാബ്ദി ആഘോഷങ്ങളിൽ പങ്കെടുക്കാനായി ഡൽഹി മെട്രോയിൽ യാത്ര ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മുൻ രാഷ്ട്രപതി ഡോ. സർവേപ്പള്ളി രാധാകൃഷ്ണനുമായി അദ്ദേഹത്തെ താരതമ്യം ചെയ്ത് കൗമാരക്കാരനായ വിദ്യാർത്ഥി. അധ്യാപക ദിനത്തിൽ നടത്തിയ അപ്രതീക്ഷിത മെട്രോ യാത്രയ്ക്കിടയിലാണ് ഹൃദ്യമായ ഈ സംഭവം അരങ്ങേറിയത്.
സെപ്റ്റംബർ അഞ്ചിന് നമ്മൾ അധ്യാപക ദിനം ആഘോഷിക്കുമ്പോൾ അന്ന് വിദ്യാർത്ഥികൾക്ക് പ്രചോദനമായിരുന്ന സർവേപ്പള്ളി രാധാകൃഷ്ണൻ ഇന്ന് നമ്മോടൊപ്പമില്ലെന്നും, എന്നാൽ ഇന്ന് മുഴുവൻ ഇന്ത്യയ്ക്കും പ്രചോദനമായി പ്രധാനമന്ത്രി തങ്ങൾക്കൊപ്പമുണ്ടെന്നും അതിന് ഏറെ നന്ദി പറയുന്നുവെന്നും വിദ്യാർത്ഥി പ്രധാനമന്ത്രിയോട് നേരിട്ട് പറയുകയായിരുന്നു. പ്രധാനമന്ത്രി തന്റെ ഔദ്യോഗിക ‘എക്സ്’ ഹാൻഡിലിലൂടെ ഈ യാത്രയുടെ ദൃശ്യങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
മെട്രോ യാത്രയ്ക്കിടെ വിവിധ പ്രായത്തിലുള്ള യാത്രക്കാരുമായി പ്രധാനമന്ത്രി സൗഹൃദം പങ്കുവെക്കുകയും സ്കൂൾ കുട്ടികൾക്ക് കൈകൊടുക്കുകയും ഒരു പിഞ്ചുകുഞ്ഞിന് ജന്മദിനാശംസകൾ നേരുകയും ചെയ്തു. പാഠപുസ്തകങ്ങൾക്ക് പുറമെ കായികതാരങ്ങളുടെയും ശാസ്ത്രജ്ഞരുടെയും കലാകാരന്മാരുടെയും ജീവചരിത്രങ്ങൾ വായിക്കാൻ വിദ്യാർത്ഥികളെ ഉപദേശിച്ച അദ്ദേഹം, കാശിയിൽ നിന്നെത്തിയ ഒരു സ്ത്രീയോട് നഗരത്തിലെ വികസന അനുഭവങ്ങളും ആരാഞ്ഞു.
തുടർന്ന് എസ്ആർസിസിയിൽ നടന്ന ശതാബ്ദി സമ്മേളനത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, കഴിഞ്ഞ 13 വർഷത്തിനിടെ രാജ്യം നയപരമായ സ്തംഭനാവസ്ഥയിൽ നിന്ന് ഊർജ്ജസ്വലതയിലേക്ക് മാറിയെന്ന് വ്യക്തമാക്കി. 2013-ൽ ഭീകരാക്രമണങ്ങളും അഴിമതിയും വിലക്കയറ്റവും കൊണ്ട് രാജ്യം തളർന്ന അവസ്ഥയിലായിരുന്നുവെന്നും ‘ഫ്രജൈൽ ഫൈവ്’ രാജ്യങ്ങളുടെ പട്ടികയിലായിരുന്നു ഇന്ത്യയെന്നും ഓർമ്മിപ്പിച്ച മോദി, ഇന്ന് അതിർത്തിയിൽ പാകിസ്ഥാൻ എന്തെങ്കിലും പ്രകോപനം നടത്തിയാൽ അതേ നാണയത്തിൽ തിരിച്ചടിക്കാൻ ശേഷിയുള്ള രാജ്യമായി ഇന്ത്യ മാറിയെന്നും നക്സലിസത്തെ വേരോടെ പിഴുതെറിയാൻ കഴിഞ്ഞുവെന്നും കൂട്ടിച്ചേർത്തു.










