ജർമ്മനി വീണ്ടും മറ്റൊരു യുദ്ധം ആഗ്രഹിക്കുകയാണെന്ന കടുത്ത ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ്. കിഴക്കൻ ജർമ്മനിയിലെ പ്രധാന വിമാനത്താവളമായ ലൈപ്സിഗിൽ സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോൺ ഉപയോഗിച്ച് റഷ്യൻ ഏജന്റുമാർ ആക്രമണത്തിന് ശ്രമിച്ചെന്ന ജർമ്മനിയുടെ ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞുകൊണ്ടാണ് അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചത്.
ഹൈബ്രിഡ് യുദ്ധമുറയുടെ ഭാഗമായി റഷ്യ തങ്ങളുടെ വിമാനത്താവളം ലക്ഷ്യമിട്ടുവെന്നാണ് ജർമ്മൻ സർക്കാർ ആരോപിച്ചത്. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും പരസ്പരം സാംസ്കാരിക കേന്ദ്രങ്ങൾ പൂട്ടുകയും റഷ്യൻ പ്രതിനിധികളെ ജർമ്മനി വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ബോണിലെ റഷ്യൻ കോൺസുലേറ്റ് ജനറലിനെ പുറത്താക്കിയതും ബെർലിനിലെ റഷ്യൻ സാംസ്കാരിക കേന്ദ്രം അടച്ചുപൂട്ടിയതും യഥാർത്ഥത്തിൽ ഒരു പുതിയ യുദ്ധത്തിന്റെ തുടക്കമാണെന്ന് ലാവ്റോവ് കുറ്റപ്പെടുത്തി. രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടുമുമ്പുള്ള നാളുകളെ ഓർമ്മിപ്പിക്കുന്ന രീതിയിലാണ് ജർമ്മനിയുടെ ഇപ്പോഴത്തെ നീക്കങ്ങളെന്നും അവർ വീണ്ടും നാസിസത്തിന്റെ വഴിയിലൂടെ യുദ്ധം ആഗ്രഹിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജർമ്മനിയുടെ ഇത്തരം പ്രകോപനപരമായ നടപടികൾക്ക് റഷ്യൻ നേതൃത്വം ഉചിതമായ മറുപടി നൽകുമെന്നും ലാവ്റോവ് വ്യക്തമാക്കി. യുക്രൈൻ യുദ്ധത്തിൽ കിയവിന് ഏറ്റവും വലിയ പിന്തുണ നൽകുന്ന പാശ്ചാത്യ രാജ്യങ്ങളിലൊന്നായ ജർമ്മനിയുമായി നയതന്ത്ര ബന്ധം അനുദിനം വഷളാകുന്നത് യൂറോപ്പിലെ സൈനിക സംഘർഷങ്ങളുടെ ആക്കം ഇരട്ടിയാക്കുകയാണ്.











