ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന് തൊട്ടുമുമ്പ് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിൽ അസാധാരണ നടപടികളുമായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി). എഡ്ജ്ബാസ്റ്റണിൽ നടക്കുന്ന നിർണ്ണായകമായ അവസാന ടെസ്റ്റിന് മുന്നോടിയായി ടീമിലെ ചില താരങ്ങളുടെ മൊബൈൽ ഫോണുകൾ പിസിബി കസ്റ്റഡിയിലെടുത്തതായാണ് പുറത്തുവരുന്ന വിവരങ്ങൾ.
സെപ്റ്റംബർ ഒമ്പതിന് ആരംഭിക്കുന്ന മത്സരം അവസാനിക്കുന്നത് വരെ ഫോണുകൾ പിസിബി ഉദ്യോഗസ്ഥരുടെ പക്കൽ തന്നെ സൂക്ഷിക്കുമെന്നാണ് വിവരം. എന്നാൽ എന്തുകൊണ്ടാണ് ഇത്തരമൊരു അസാധാരണ നടപടി സ്വീകരിച്ചതെന്ന് ഔദ്യോഗികമായി വിശദീകരിക്കാനോ ഫോൺ പിടിച്ചെടുത്ത കളിക്കാരുടെ പേരുകൾ വെളിപ്പെടുത്താനോ ബോർഡ് തയ്യാറായിട്ടില്ല. അന്താരാഷ്ട്ര മത്സര ദിവസങ്ങളിൽ ഡ്രസ്സിംഗ് റൂമുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് ഐസിസിയുടെ കർശന വിലക്കുണ്ടെങ്കിലും, ദിവസങ്ങൾക്ക് മുൻപ് തന്നെ വ്യക്തിഗത ഫോണുകൾ ബോർഡ് പിടിച്ചെടുത്ത് വെക്കുന്നത് ക്രിക്കറ്റ് ലോകത്ത് വലിയ സംശയങ്ങൾക്കും ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.
ആദ്യ രണ്ട് ടെസ്റ്റുകളിലും കനത്ത പരാജയം ഏറ്റുവാങ്ങി പരമ്പര ഇതിനകം തന്നെ കൈവിട്ടതിന് പിന്നാലെയാണ് പാക് ടീമിൽ പുതിയ പ്രതിസന്ധി ഉടലെടുത്തിരിക്കുന്നത്. ഹെഡിങ്‌ലിയിൽ ഇന്നിങ്സിനും 103 റൺസിനും ലോർഡ്‌സിൽ 194 റൺസിനും പരാജയപ്പെട്ട പാകിസ്ഥാൻ പരമ്പരയിൽ 2-0ന് പിന്നിലാണ്.
തുടർ തോൽവികളെ തുടർന്ന് മുഹമ്മദ് റിസ്‌വാൻ, ഇമാം ഉൾ ഹഖ്, സൽമാൻ അലി ആഘ ഉൾപ്പെടെ ഏഴ് മുൻനിര താരങ്ങളെ ടീമിൽ നിന്ന് ഒഴിവാക്കുകയും മുഖ്യ പരിശീലകൻ സർഫറാസ് അഹമ്മദ്, ബോളിംഗ് പരിശീലകൻ ഉമർ ഗുൽ എന്നിവരെ മാറ്റി മൈക്ക് ഹെസ്സൻ, ആഷ്‌ലി നോഫ്കെ എന്നിവർക്ക് ചുമതല നൽകുകയും ചെയ്തിരുന്നു. പരമ്പരയിൽ സമ്പൂർണ്ണ തോൽവി ഒഴിവാക്കാൻ പാകിസ്ഥാൻ പൊരുതാനിറങ്ങുമ്പോൾ, ടീമിനുള്ളിലെ ആഭ്യന്തര പ്രശ്നങ്ങളും പുതിയ ഫോൺ വിവാദവും പാക് ക്യാമ്പിലെ അങ്കലാപ്പ് കൂടുതൽ രൂക്ഷമാക്കിയിരിക്കുകയാണ്.












