തിരുവനന്തപുരം : സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തതായി ബിരുദ വിദ്യാർത്ഥിയുടെ പരാതി. ധനുവച്ചപുരം വിടിഎം എൻഎസ്എസ് കോളേജിലെ ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയാണ് റാഗിംഗ് പരാതി ഉന്നയിച്ചിട്ടുള്ളത്. സീനിയർ വിദ്യാർത്ഥികൾ സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും വിവസ്ത്രനാക്കി ഫോട്ടോ എടുക്കുകയും ചെയ്തു എന്ന് പരാതിയിൽ സൂചിപ്പിക്കുന്നു.
ഈ മാസം 26നാണ് ഒന്നാംവർഷ ബിരുദ വിദ്യാർത്ഥിയെ സീനിയർ വിദ്യാർത്ഥികൾ റാഗ് ചെയ്തത്. വിടിഎം എൻഎസ്എസ് കോളേജിലെ ഒന്നാംവർഷ എക്കണോമിക്സ് വിദ്യാർത്ഥിയായ കുടപ്പനമോട് സ്വദേശി ബി ആർ നീരജിനെയാണ് സീനിയർ വിദ്യാർത്ഥികളുടെ സംഘം റാഗ് ചെയ്തത്. കോളേജിലെ അഞ്ചു സീനിയർ വിദ്യാർത്ഥികൾ ചേർത്താണ് റാഗ് ചെയ്തതെന്ന് നീരജിന്റെ പരാതിയിൽ പറയുന്നു.
ഉച്ചഭക്ഷണ സമയത്ത് അഞ്ചുപേരടങ്ങുന്ന വിദ്യാർത്ഥികളുടെ സംഘം ജൂനിയർ ആയ നീരജിനെ പുറത്തേക്ക് കൂട്ടിക്കൊണ്ടു പോകുകയും ക്യാമ്പസിലെ കാടുപിടിച്ചു കിടക്കുന്ന സ്ഥലത്ത് വെച്ച് റാഗ് ചെയ്യുകയും ആയിരുന്നു. ഇവർ നീരജിനെ ക്രൂരമായി മർദ്ദിക്കുകയും വിവസ്ത്രനാക്കി ഫോട്ടോ എടുക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. കോളേജ് പ്രിൻസിപ്പലിനും പാറശ്ശാല പോലീസിനും നീരജ് പരാതി നൽകിയിട്ടുണ്ട്.
Discussion about this post