എറണാകുളം: ഷവർമ്മയിൽ നിന്നും ഭക്ഷ്യവിഷബാധയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ ഹോട്ടൽ ഉടമയ്‌ക്കെതിരെ കേസ് എടുത്ത് പോലീസ്. നരഹത്യയ്ക്കാണ് കേസ് എടുത്തത്. കോട്ടയം സ്വദേശി രാഹുൽ ഡി നായരുടെ വീട്ടുകാരുടെ പരാതിയിൽ ആണ് കേസ് എടുത്തത്.
ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെയാണ് രാഹുലിന് ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായത് എന്നാണ് വീട്ടുകാരുടെ പരാതി. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ്. പരാതിയിൽ അറസ്റ്റുൾപ്പെടെയുള്ള നടപടികളിലേക്ക് ഉടൻ കടക്കുമെന്നാണ് സൂചന. ഹോട്ടൽ ലൈസൻസി ആരെന്ന് അറിയിക്കാൻ ഹോട്ടൽ ഉടമയ്ക്ക് പോലീസ് നിർദ്ദേശം നൽകി.
മരിച്ച രാഹുലിന്റെ രക്തത്തിൽ സാൽമോണെല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. രക്തപരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. കൂടുതൽ പരിശോധന തുടരുകയാണ്.
അതേസമയം ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ ഭക്ഷ്യവിഷബാധയേറ്റെന്ന പരാതിയുമായി തൊടുപുഴ സ്വദേശിയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിൽ പോലീസ് കേസ് എടുത്തു. തൃക്കാക്കര പോലീസാണ് കേസ് എടുത്തത്. ഇവിടെ നിന്നും ഭക്ഷണം കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായി എന്നും, ഇതേ തുടർന്ന് ചികിത്സ തേടിയെന്നുമാണ് പരാതിയിൽ പറയുന്നത്.












