ശ്രീനഗർ: ജമ്മു കശ്മീരിന്റെ മണ്ണിൽ നിന്നും ഭീകരരെ വേരോടെ പിഴുതെറിയാനുള്ള നിർണായക നീക്കങ്ങളുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ജമ്മു കശ്മീർ പോലീസിന്റെ പ്രത്യേക വിഭാഗത്തിലേക്ക് കൂടുതൽ കമാൻഡോമാരെ ഉൾപ്പെടുത്തി. വിദഗ്ധ പരിശീലനം നൽകിയ 300 കമാൻഡോമാരെയാണ് ഉൾപ്പെടുത്തിയത്.
ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്കായി രൂപീകരിച്ച സ്‌പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലാണ് ഇവരെ ഉൾപ്പെടുത്തിയത്.
ഭീകരബാധിത പ്രദേശങ്ങളിലെ 43 പോലീസ് സ്‌റ്റേഷനുകളിലായി ഇവരെ നിയമിക്കും. ഭീകര വിരുദ്ധ പ്രവർത്തനങ്ങളിൽ മാത്രമാകും ഇവർ പങ്കാളികൾ ആകുക. ഇവർക്കായി പുതുതായി തയ്യാറാക്കിയ യൂണിഫോം, അത്യാധിനുക ആയുധങ്ങൾ മറ്റ് സൗകര്യങ്ങളും നൽകും.
ജമ്മു കശ്മീരിലെ പോലീസ് സ്റ്റേഷനുകൾ നവീകരിക്കുന്ന പ്രവർത്തനങ്ങളും പുരോഗമിക്കുന്നുണ്ട്. 21 പോലീസ് സ്‌റ്റേഷനുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി. 22 പോലീസ് സ്റ്റേഷനുകളിലേക്ക് പുതിയ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളും നൽകിയിട്ടുണ്ട്. നിലവിൽ ഭീകരരെ തുരത്താൻ നിർണായക നീക്കങ്ങളാണ് ജമ്മു കശ്മീർ പോലീസ് നടത്തുന്നത്. ഇതിന് വേഗം പകരുന്നതാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ പ്രവർത്തനങ്ങൾ.
അതേസമയം മുൻ വർഷങ്ങളെ അപേക്ഷിച്ച് കശ്മീരിൽ ഭീകര പ്രവർത്തനങ്ങളിൽ കുറവ് വന്നതായി ഡിജിപി ദിൽബഗ് സിംഗ് പറഞ്ഞു. അഞ്ച് വർഷത്തെ റിപ്പോർട്ട് പരിശോധിക്കുമ്പോൾ ഈ മാറ്റം വളരെ നന്നായി വ്യക്തമാണ്. നിലവിൽ ക്രമസമാധാന പാലനവും കൃത്യമായി മുന്നോട്ടു പോകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Discussion about this post