തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി നിയുക്ത ശബരിമല മേൽശാന്തി മഹേഷ് നമ്പൂതിരി. ഇന്നലെയാണ് അദ്ദേഹം ക്ഷേത്രത്തിൽ എത്തി ഗുരുവായൂരപ്പനെ തൊഴുത് വണങ്ങിയത്. ശബരിമല മണ്ഡലതീർത്ഥാടന കാലത്തിന് മുന്നോടിയായിട്ടാണ് അദ്ദേഹത്തിന്റെ ക്ഷേത്ര ദർശനം.
ഇന്നലെ ഉച്ചയോടെയായിരുന്നു അദ്ദേഹം ക്ഷേത്രത്തിൽ എത്തിയത്. ഉച്ച പൂജയ്ക്ക് ശേഷം നട തുറന്നപ്പോൾ അദ്ദേഹം ഗുരുവായൂരപ്പനെ ദർശിച്ചു. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി.മനോജ് കുമാറിന്റെ നേതൃത്വത്തിൽ ജീവനക്കാരായിരുന്നു മഹേഷ് നമ്പൂതിരിയെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചത്. ഭഗവാനെ തൊഴുത ശേഷം ശേഷം മഹേഷ് നമ്പൂതിരി ഗുരുവായൂർ ക്ഷേത്രം മേൽശാന്തി ശ്രീനാഥ് നമ്പൂതിരിയുമായി കൂടിക്കാഴ്ച നടത്തി.
ശേഷം മഹേഷ് നമ്പൂതിരി ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പി.സി.ദിനേശൻ നമ്പൂതിരിപ്പാടിനെ തന്ത്രിമീത്തിൽ സന്ദർശിച്ച് അനുഗ്രഹം തേടി. പാറമേൽക്കാവ് ക്ഷേത്രം മേൽശാന്തി കരയന്നൂർ വടക്കേടത്ത് വാസുദേവൻ നമ്പൂതിരിയും പുത്തില്ലം മധു നമ്പൂതിരിയും പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി. രാജേഷും നിയുക്ത ശബരിമല മേൽശാന്തിക്കൊപ്പമുണ്ടായിരുന്നു.
Discussion about this post