എറണാകുളം: കളമശ്ശേരി സ്ഫോടനക്കേസിൽ തിരിച്ചറിയൽ പരേഡിനുള്ള പട്ടിക തയ്യാറാക്കാനൊരുങ്ങി പോലീസ്. അന്തിമപട്ടിക ആയതിനു ശേഷം അന്വേഷണസംഘം ഇതിനുള്ള അപേക്ഷ കോടതിയിൽ സമർപ്പിക്കും. എറണാകുളം സിജെഎം കോടതിയാണ് അപേക്ഷ പരിഗണിക്കുന്നത്. മജിസ്ട്രേറ്റ് കോടതിയുടെ മേൽ നോട്ടത്തിലായിരിക്കും പരേഡ് നടത്തുക.
പരേഡിന് പ്രതി ഡൊമിനിക് മാർട്ടിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നവംബർ 29 വരെയാണ് റിമാൻഡ് കാലാവധി. ഈ സമയം കൊണ്ട് കൂടുതൽ തെളിവുകളും സാക്ഷി മൊഴികളും കണ്ടെത്തുകയാണ് അന്വേഷണ സംഘത്തിന്റെ ലക്ഷ്യം.
അതേസമയം, ചോദ്യം ചെയ്യലിനോട് പൂർണ്ണമായും സഹകരിക്കുന്ന രീതിയിലാണ് പ്രതിയുടെ ഇടപെടൽ. ഒരു കൂസലുമില്ലാതെയാണ് ഇയാൾ ഓരോ ചോദ്യങ്ങൾക്കും ഉത്തരം നൽകിയത്. പ്രായം 58 ആയെന്നും ഇനിയൊന്നും നോക്കാനില്ലെന്നും പ്രതി പറയുന്നു. കേസ് സ്വയം വാദിക്കുമെന്നാണ് മാർട്ടിൻ പറയുന്നത്. മാർട്ടിന്റെ ഫോൺ സംഭാഷണങ്ങൾ പോലീസ് പരിശോധിക്കുകയാണ്. സംഭവത്തിനു ശേഷവും മുൻപും മാർട്ടിൻ ഫോണിൽ ബന്ധപ്പെട്ടവരുടെ വിവരങ്ങൾ സൈബർ വിദഗ്ധരുടെ സഹായത്തോടെ പോലീസ് ശേഖരിച്ചു.
കളമശ്ശേരി സ്ഫോടനത്തിൽ പ്രതി ഡൊമിനിക് മാർട്ടിൻ കുറ്റം ചെയ്തത് ഒറ്റയ്ക്കെന്നാണ് റിമാൻഡ് റിപ്പോർട്ട്. കേസ് അതീവ ഗൗരവമുള്ളതാണെന്നും പ്രതിയെ മറ്റാരും ബ്രയിൻവാഷ് ചെയ്തിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. മാർട്ടിൻ തന്നെയാണ് ബോംബ് നിർമ്മിച്ചതെന്ന കാര്യത്തിൽ സംശയമില്ല. സ്ഫോടനം നടത്തിയത് ആസൂത്രിതമായെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
Discussion about this post