എറണാകുളം: ആലുവയിൽ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷ വ്യാഴാഴ്ച്ച വിധിക്കും. എറണാകുളം പോക്സോ കോടതിയാണ് വിധിച്ചത്. പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും പ്രൊസിക്യൂഷന് തെളിയിക്കാനായെന്ന് കോടതി പറഞ്ഞു. പ്രതിക്കെതിരെ പരാമവധി ശിക്ഷ വേണമെന്ന് ആവശ്യപ്പെട്ട പ്രൊസിക്യൂഷൻ ഇത് സമാനതകളില്ലാത്ത ക്രൂരതയാണെന്നും പറഞ്ഞു. മൂന്ന് റിപ്പോർട്ട് സമർപ്പിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
പ്രതിയുടെ മാനസിക നില പരിശോധിക്കണമെന്ന് പ്രതിഭാഗം അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, യാതൊരു മാനസിക പ്രശ്നവും പ്രതിക്കില്ലെന്ന് പ്രൊസിക്യൂഷൻ വാദിച്ചു. മാനസികനില പരിശോധനാ റിപ്പോർട്ട് ഉണ്ടോയെന്നും പ്രതി പരിവർത്തനത്തിന് വിധേയനാകുന്നുണ്ടോയെന്നും കോടതി ആരാഞ്ഞു. ഈ 100 ദിവസത്തിനിടെ ഒരു മാറ്റവും പ്രതിയിൽ ഉണ്ടാക്കിയില്ലെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. ജയിൽ അധികൃതരുടെ റിപ്പോർട്ട് ഹാജരാക്കാമെന്നും പ്രൊസിക്യൂഷൻ വ്യക്തമാക്കി.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 11 കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയത്. കൊലപാതകം, മരണത്തിന് കാരണമാകുന്ന ബലാത്സംഗം, പന്ത്രണ്ട് വയസില്‍ താഴെയുള്ള കുട്ടിക്കെതിരായ ബലാത്സംഗം, നിരന്തര ലൈംഗിക അതിക്രമം, പ്രകൃതിവിരുദ്ധ ലൈംഗിക അതിക്രമം, കുറ്റകൃത്യത്തിനായി ലഹരി നല്‍കുക, കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമം, തട്ടിക്കൊണ്ടുപോകല്‍, കൊലപാതകത്തിനായി തട്ടിക്കൊണ്ടുപോകല്‍, തെളിവ് നശിപ്പിക്കല്‍ തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
ജൂലൈ 28 നായിരുന്നു കേരള മനസാക്ഷിയെ ഞെട്ടിച്ച സംഭവം ഉണ്ടായത്. കേസില്‍ പ്രത്യേകസംഘം രൂപീകരിച്ചായിരുന്നു അന്വേഷണം. ബിഹാര്‍ സ്വദേശി അസ്‍ഫാക് ആലം മാത്രമാണ് കേസിലെ പ്രതി. വീട്ട് മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ജ്യൂസ് വാങ്ങിത്തരാമെന്ന് പറഞ്ഞാണ് പ്രതി കൂട്ടിക്കൊണ്ടുപോയത്. ക്രൂര ബലാത്സംഗത്തിന് ഇരയാക്കി കൊന്ന് ചാക്കിൽ കെട്ടി ആലുവ മാർക്കറ്റിന് പിന്നിലെ മാലിന്യ കൂമ്പാരത്തിൽ ഉപേക്ഷിക്കുകയായിരുന്നു.
Discussion about this post