തൃശ്ശൂർ: സുരേഷ് ഗോപിയ്‌ക്കെതിരെ മുഖപത്രമായ കത്തോലിക്ക സഭയിൽ പ്രസിദ്ധീകരിച്ചുവന്ന വിമർശനങ്ങൾ തള്ളി തൃശ്ശൂർ അതിരൂപത. സഭയുടെ രാഷ്ട്രീയ നിലപാടല്ല പ്രസിദ്ധീകരിച്ചു വന്നതെന്ന് അതിരൂപത അറിയിച്ചു. ഇന്നലെയാണ് മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് സുരേഷ് ഗോപി നടത്തിയ പരാമർശത്തിൽ വിമർശനവുമായി മുഖപത്രം രംഗത്ത് എത്തിയത്.
സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ അൽമായരുടെ സംഘടനയായ കത്തോലിക്ക കോൺഗ്രസ് മണിപ്പൂർ വിഷയത്തിൽ കോർപ്പറേഷന് മുൻപിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചിരുന്നു. ഇതിൽ ഉയർന്നുവന്ന അഭിപ്രായമാണ് പത്രത്തിൽ അച്ചടിച്ച് വന്നത് എന്ന് അതിരൂപത വ്യക്തമാക്കി. മുഖപ്രസംഗമായിട്ടല്ല മറിച്ച് വാർത്തയായി പ്രസിദ്ധീകരിച്ചതെന്നും അതിരൂപത അറിയിച്ചിട്ടുണ്ട്. മണിപ്പൂർ കത്തിയെരിയുമ്പോൾ എന്തെടുക്കുകയായിരുന്നുവെന്ന് പ്രധാനമന്ത്രിയോട് ചോദിക്കാൻ സുരേഷ് ഗോപിയ്ക്ക് ആണത്തമുണ്ടോയെന്നെല്ലാം തരത്തിലുളള പരാമർശങ്ങൾ ലേഖനത്തിൽ ഉണ്ടായിരുന്നു. ഇത് വലിയ വിവാദങ്ങൾക്കും വിമർശനങ്ങൾക്കും കാരണമായിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി അതിരൂപത രംഗത്ത് എത്തിയത്.
അതേസമയം മണിപ്പൂർ വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ പരാമർശത്തിൽ ഉറച്ച് നിൽക്കുന്നതായി സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. തന്റെ പ്രസ്താവനയിൽ മാറ്റമില്ല. താൻ പറയുന്ന കാര്യങ്ങൾ തെറ്റിദ്ധരിപ്പിക്കപ്പെടുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
Discussion about this post