കോട്ടയം : വിദ്യാർത്ഥിയെ സഹപാഠി ഉൾപ്പെടുന്ന സംഘം മർദ്ദിച്ചതായി പരാതി. കോട്ടയം കാഞ്ഞിരപ്പള്ളിയിൽ ആണ് സംഭവം. ക്ലാസിൽ അധ്യാപകൻ ഇല്ലാത്ത സമയത്ത് സംസാരിച്ചതിന്റെ പേരിൽ ക്ലാസ് ലീഡർ കൂടിയായ വിദ്യാർത്ഥി പേരെഴുതി വെച്ചതാണ് സഹപാഠിയുടെ പ്രകോപനത്തിന് കാരണമായത്.
കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ സ്കൂളിൽ പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥിക്കാണ് സഹപാഠിയുടെ നേതൃത്വത്തിൽ മർദ്ദനമേറ്റത്. സ്കൂളിന് പുറത്തുവച്ചാണ് വിദ്യാർത്ഥിയെ സഹപാഠിയും സുഹൃത്തുക്കളും ചേർന്ന് മർദ്ദിച്ചത്. മുഖത്തടിക്കുകയും ചവിട്ടി നിലത്ത് വീഴ്ത്തുകയും ശരീരം മുഴുവൻ ചവിട്ടുകയും ചെയ്തു എന്ന് വിദ്യാർത്ഥിയുടെ പരാതിയിൽ പറയുന്നു.
വിദ്യാർത്ഥിയെ മർദ്ദിച്ചതിനുശേഷം സംഭവം പുറത്തു പറഞ്ഞാൽ കുത്തിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ദേഹം മുഴുവൻ വേദന അനുഭവപ്പെട്ടതിനെ തുടർന്ന് വിദ്യാർത്ഥി കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് വിദ്യാർത്ഥിയുടെ പിതാവ് കാഞ്ഞിരപ്പള്ളി പോലീസിലും ചൈൽഡ് ലൈനിലും പരാതി നൽകുകയായിരുന്നു.








