നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷിയ്ക്കും പേശികളുടെ ശക്തിക്കും ഊർജ്ജത്തിനും ചുവന്ന രക്താണുക്കൾ ഉൽപ്പാദിപ്പിക്കുന്നതിനും ഏറെ ആവശ്യമായ ഒരു ധാതുവാണ് ഇരുമ്പ്. ശരീരത്തിൽ ഇരുമ്പിന്റെ കുറവ് ഉണ്ടാകുമ്പോൾ ക്ഷീണം, തലവേദന, തളർച്ച, തലകറക്കം, വിളർച്ച എന്നിങ്ങനെയുള്ള നിരവധി പ്രശ്നങ്ങൾ ഉണ്ടാകുന്നതാണ്. അനീമിയയുടെ പ്രധാന കാരണം തന്നെ ശരീരത്തിൽ ഇരുമ്പിന്റെ കുറവ് ഉണ്ടാകുന്നതാണ്.
ചുവന്ന രക്താണുക്കൾക്ക് ഓക്സിജനെ വഹിക്കാൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് ഹീമോഗ്ലോബിൻ. ഈ ഹീമോഗ്ലോബിൻ നിർമ്മിക്കണമെങ്കിൽ ഇരുമ്പ് ആവശ്യമാണ്. ആവശ്യത്തിന് ചുവന്ന രക്താണുക്കൾ നിർമിക്കാനും ഹീമോഗ്ലോബിന്‍റെ അളവ് കൂട്ടാനും രക്തത്തിലെ ഓക്സിജന്‍റെ അളവ് കൂട്ടാനും ശരീരത്തിലെ ഇരുമ്പ് സന്തുലിതമായി നിലനിർത്തേണ്ടത് ആവശ്യമാണ്. ഇരുമ്പ് ധാരാളമടങ്ങിയ ചില ഭക്ഷണങ്ങൾ കഴിക്കുന്നതിലൂടെ ശരീരത്തിന് സ്വാഭാവികമായി ഇരുമ്പ് ലഭിക്കുന്നതാണ്. അത്തരത്തിൽ പ്രകൃതിദത്ത ഇരുമ്പിനായി ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കേണ്ടതെന്ന് നോക്കാം.
പഴവർഗ്ഗങ്ങളിൽ മാതളനാരങ്ങ കഴിക്കുന്നത് ശരീരത്തിന് ധാരാളം ആയി ഇരുമ്പ് ലഭ്യമാകാൻ സഹായിക്കും. അതുപോലെതന്നെ ഈന്തപ്പഴത്തിലും ഇരുമ്പിന്റെ അംശം ധാരാളമായി അടങ്ങിയിട്ടുണ്ട്. പയർ വർഗ്ഗങ്ങളിൽ ചെറുപയർ, കറുത്ത പയർ, സോയാബീൻ എന്നിവയിലും ഇരുമ്പിന്റെ അംശം ധാരാളമുണ്ട്. അതുപോലെതന്നെ മുട്ട, ചുവന്ന മാംസം, കരൾ എന്നിവയിലും ഇരുമ്പിന്റെ അംശം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇലക്കറികളാണ് ഇരുമ്പിന്റെ മറ്റൊരു പ്രധാന സ്രോതസ്സ്.








