കോട്ടയം :യു എസിൽ മലയാളി നഴ്സിനെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് യുഎസ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. കോട്ടയം സ്വദേശിനിയായ മെറിൻ ജോയിയെ കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവായ ചങ്ങനാശേരി സ്വദേശി ഫിലിപ്പ് മാത്യുവിന് ശിക്ഷ വിധിച്ചത്. യുഎസിലെ ബ്രോവഡ് കൗണ്ടി കോടതി പരോളില്ലാത്ത ജീവപര്യന്തം ശിക്ഷയാണ് വിധിച്ചിരിക്കുന്നത്.

2020 ജൂലൈ 28 നായിരുന്നു സംഭവം, മിയാമി ബ്രോവഡ് ഹെൽത്ത് ഹോസ്പിറ്റലിൽ നിന്നും ജോലി കഴിഞ്ഞു മടങ്ങുകയായിരുന്ന മെറിനെ ആശുപത്രിയിലെ പാർക്കിങ്ങിൽ വെച്ച് ഭർത്താവ് ഫിലിപ്പ് കുത്തി വീഴ്ത്തുകയായിരുന്നു. അതിനുശേഷം കാർ കയറ്റി കൊലപ്പെടുത്തുകയായിരുന്നു.ഗാർഹിക പീഡനത്തെ തുടർന്ന് മെറിൻ പിരിഞ്ഞു താമസിക്കുകയായിരുന്നു. അതിനിടെയിലാണ് ഫിലിപ്പ് മെറിനെ കൊലപ്പെടുത്തിയത്.
കേസ് വിസ്തരിക്കുന്ന സമയത്ത് പ്രതി കുറ്റം സമ്മതിച്ചതിനാൽ വധശിക്ഷയിൽ നിന്നും ഒഴിവാക്കിയിരുന്നു. പ്രതി മരകായുധം ഉപയോഗിച്ച് ആക്രമിച്ചതിനാൽ അഞ്ചുവർഷത്തെ തടവും വിധിച്ചിട്ടുണ്ട്.തന്റെ മകൾക്ക് നീതി ലഭിച്ചുവെന്ന് മെറിന്റെ അമ്മ മേഴ്‌സി പറഞ്ഞു.








