എറണാകുളം: കളമശ്ശേരി സ്ഫോടന കേസിൽ പ്രതി ഡൊമിനിക് മാർട്ടിനെ 10 ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി. പ്രതിയുടെ രാജ്യാന്തര ബന്ധം അന്വേഷിക്കണമെന്നും പ്രതിയെ പത്തിലേറെ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുക്കണമെന്നും പോലീസ് കോടതിയെ അറിയിച്ചു. പതിനഞ്ച് വർഷത്തിലേറെ കാലം പ്രതി ദുബായിൽ ആയിരുന്നു. അതിനാൽ തന്നെ മാർട്ടിന്റെ ദുബായ് ബന്ധങ്ങൾ അന്വേഷിക്കേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യങ്ങൾ അറിയാൻ മാർട്ടിനെ വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. ഇതിന് വേണ്ടിയാണ് മാർട്ടിനെ കസ്റ്റഡിയിൽ വാങ്ങിയിരിക്കുന്നത്. മാർട്ടിൻ സ്ഫോടനത്തിനായി വാങ്ങിയ വസ്തുക്കൾ എവിടെ നിന്നൊക്കെയാണെന്നും പോലീസ് ചോദിച്ചറിയും.
അടുത്ത പതിനഞ്ചാം തിയതി വരെയാണ് കസ്റ്റഡി കാലാവധി. താൻ പൂർണ ആരോഗ്യവാനാണെന്നും പോലീസിനെതിരെ പരാതിയെവന്നും ഇല്ലെന്നും മാർട്ടിൻ കോടതിയിൽ അറിയിച്ചു.
അതേസമയം, സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചു. കളമശ്ശേരി സ്വദേശി മോളി ജോയ് (61) ആണ് മരിച്ചത്. 80 ശതമാനത്തോളം പൊള്ളലേറ്റ് എറണാകുളം മെഡിക്കൽ സെന്റർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇതോടെ സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം നാലായി. മലയാറ്റൂർ കടുവൻകുഴി വീട്ടിൽ പ്രദീപന്റെ മകൾ ലിബിന (12), പെരുമ്പാവൂർ ഇരിങ്ങോൾ വട്ടോളിപ്പടി പുളിയൻവീട്ടിൽ ലിയോണ പൗലോസ് (55), ഇടുക്കി കാളിയാർ മുപ്പത്താറ് കവലയിൽ വാടകക്ക് താമസിക്കുന്ന കുളത്തിങ്കൽ കുമാരി (53) എന്നിവരാണ് നേരത്തെ മരിച്ചത്.
Discussion about this post