എറണാകുളം : കളമശ്ശേരി സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 5 ആയി. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന സാലി ആണ് ഒടുവിൽ മരണപ്പെട്ടത്. സ്ഫോടനം നടന്ന അന്ന് രാത്രിയിൽ മരണപ്പെട്ട ലിബ്ന എന്ന പെൺകുട്ടിയുടെ അമ്മയാണ് സാലി. ഇവരുടെ മകനും ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്.
മലയാറ്റൂർ സ്വദേശിനിയാണ് 45 വയസ്സുകാരിയായ സാലി. സ്ഫോടനം നടന്ന അന്നുമുതൽ അതീവ ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സാലിയും മകൻ പ്രവീണും. പ്രവീണിന്റെ നില ഇപ്പോഴും ഗുരുതരമായി തന്നെ തുടരുകയാണ്.
സാലിയും മകനും തിരിച്ചു വരുമെന്ന പ്രതീക്ഷയിൽ ആദ്യം മരണപ്പെട്ട മകൾ ലിബ്നയുടെ മൃതദേഹം അഞ്ചു ദിവസത്തോളം പിതാവ് മോർച്ചറിയിൽ സൂക്ഷിച്ചിരുന്നു. എന്നാൽ ഇവരുടെ സ്ഥിതിയിൽ യാതൊരു മാറ്റവും ഇല്ലാതെ വന്നതോടെ സ്ഫോടനത്തിന് അഞ്ച് ദിവസത്തിനുശേഷമാണ് ലിബ്നയുടെ മൃതദേഹം സംസ്കരിച്ചത്. അമ്പതോളം പേര്‍ക്കാണ് കളമശ്ശേരിയിൽ യഹോവ സാക്ഷികളുടെ സമ്മേളനത്തിൽ നടന്ന സ്ഫോടനത്തില്‍ പരിക്കേറ്റത്. നിലവില്‍ 17 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഇതിൽ 13 പേർക്കാണ് ഗുരുതരമായി പൊള്ളലേറ്റിട്ടുള്ളത്.
പെരുമ്പാവൂര്‍ ഇരിങ്ങോള്‍ വട്ടോളിപ്പടി പുളിയന്‍ വീട്ടില്‍ ലിയോണ പൗലോസ് ആണ് കളമശ്ശേരി സ്ഫോടനത്തിൽ ആദ്യമായി കൊല്ലപ്പെട്ടത്. സ്ഫോടന സ്ഥലത്ത് വെച്ച് തന്നെ ഇവരുടെ മരണം സംഭവിച്ചിരുന്നു. അന്ന് രാത്രി ആശുപത്രിയിൽ വച്ചാണ് ലിബ്നയുടെ മരണം സംഭവിക്കുന്നത്. ആലുവ തൈക്കാട്ടുകാര സ്വദേശി മോളി ജോയ്, ഇടുക്കി കാളിയാര്‍ മുപ്പത്താറ് കവലയില്‍ കുമാരി എന്നിവരാണ് സ്‌ഫോടനത്തില്‍ മരിച്ച മറ്റു രണ്ടു പേർ.
Discussion about this post