ടെൽ അവീവ് :ഹമാസ് ഭീകരർ ബന്ദികളാക്കിയ ആളുകളിൽ ഒരാളുടെ മൃതദേഹം ഇസ്രയേൽ പ്രതിരോധ സേന കണ്ടെത്തി. ഗാസയിലെ അൽ ഷിഫ ആശുപത്രിയ്ക്ക് സമീപമുള്ള കെട്ടിടത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 65 കാരിയായ യെഹുദിത് വെയ്സ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ സേന അറിയിച്ചു. നേഴ്സറി സ്കൂൾ അധ്യാപികയായിരുന്നു.
ഒക്ടോബർ ഏഴിന് കിബ്ബത്ത്സ് ബീരിയിലെ വീട്ടിൽ നിന്നാണ് ഭീകരർ വെയിസിനെ തട്ടിക്കൊണ്ട് പോയത്. ഭർത്താവ് ഷ്മുലിക് വെയ്സ് അവരുടെ വീട്ടിൽ വച്ച് തന്നെ കൊല്ലപ്പെട്ടിരുന്നു. ദമ്പതികൾക്ക് അഞ്ച് കുട്ടികളാണുള്ളത്. വെയ്സിന്റെ മരണവാർത്ത കുടുംബത്തെ അറിയിച്ചതായി ഐഡിഎഫ് വക്താവ് ഡാനിയൽ ഹഗാരി അറിയിച്ചു.
ഇസ്രയേൽ -ഹമാസ് യുദ്ധം ആരംഭിച്ചതിന് പിന്നാലെ 240 പേരെയാണ് ഭീകരർ ബന്ദിയാക്കിയത്. അൽ ഷിഫ ആശുപത്രിയിൽ നിന്ന് എകെ 47 റൈഫിളുകളും റോക്കറ്റ് പ്രൊപ്പൽഡ് ഗ്രനേഡുകളും ഉൾപ്പെടെ നിരവധി ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഐഡിഎഫ് സൈന്യം കണ്ടെടുത്തു.
Discussion about this post