ചെന്നൈ : മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ എസ്. വെങ്കിട്ടരമണന് അന്തരിച്ചു. 92 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലായിരുന്നു അന്ത്യം. 1990 മുതല്‍ രണ്ടു വര്‍ഷം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഗവര്‍ണര്‍ സ്ഥാനം വഹിച്ചിരുന്നു. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ 18-ആമത്തെ ഗവര്‍ണറായിരുന്നു അദ്ദേഹം.
1985 മുതല്‍ 1989 വരെ ധനമന്ത്രാലയത്തില്‍ ധനകാര്യ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്നു. ഇന്ത്യന്‍ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലെ അംഗമായിരുന്ന അദ്ദേഹം, ഗവര്‍ണറായി നിയമിക്കപ്പെടുന്നതിന് മുമ്പ് കര്‍ണാടക സര്‍ക്കാരിന്റെ ധനകാര്യ സെക്രട്ടറിയും ഉപദേഷ്ടാവുമായും സേവനമനുഷ്ടിച്ചിട്ടുണ്ട്.
വിദേശനാണ്യ കരുതല്‍ ശേഖരം വെറും രണ്ട് മാസത്തെ ഇറക്കുമതി മൂല്യമുള്ള താഴ്ന്ന നിലയിലെത്തുകയും, വിദേശമേഖലയില്‍ രാജ്യം അഭൂതപൂര്‍വമായ ബുദ്ധിമുട്ടുകള്‍ നേരിടുകയും ചെയ്യുന്ന സമയത്താണ് വെങ്കിട്ടരാമന് ഗവര്‍ണറായി സേവനമനുഷ്ഠിക്കുന്നത്.
വിദേശ വായ്പാ തിരിച്ചടവില്‍ ഉള്‍പ്പെടെ രാജ്യം വലിയ പ്രതിസന്ധി നേരിട്ട കാലത്ത് റിസര്‍ബാങ്കിനെ നയിച്ച വ്യക്തി എന്നാണ് ആര്‍ബിഐ വെങ്കിട്ടരമണന്റെ മരണവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പരാമര്‍ശിച്ചിട്ടുള്ളത്. ബാലന്‍സ് ഓഫ് പേയ്മെന്റ് പ്രതിസന്ധിയില്‍ രാജ്യം വലഞ്ഞ സമയത്ത് വെങ്കിട്ടരമണന്റെ നയങ്ങള്‍ ഗുണം ചെയ്തെന്നും ആര്‍ബിഐ പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടുന്നു. ഗിരിജ, സുധ എന്നിവര്‍ മക്കളാണ്.
Discussion about this post