തമിഴ്നാട്: തമിഴ്നാട്ടിലെ പല ജില്ലകളിലും കനത്ത മഴ തുടരുന്നു. മഴ തുടരുന്നതിനാല്‍ എട്ട് ജില്ലകളിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍ക്കും ജില്ലാ കളക്ടര്‍മാര്‍ വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചു. താഴ്ന്ന ട്രോപോസ്‌ഫെറിക് തലങ്ങളില്‍ ഉണ്ടായ ചുഴലിക്കാറ്റാണ് തീവ്രമായ മഴയ്ക്ക് കാരണമെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് .
നീലഗിരി, കോയമ്പത്തൂര്‍, തേനി, ഡിണ്ടിഗല്‍, ശിവഗംഗൈ, പുതുക്കോട്ട ജില്ലകളില്‍ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ശിവഗംഗ, പുതുക്കോട്ട, രാമനാഥപുരം, തേനി മുതല്‍ ഡിണ്ടിഗല്‍, മധുരൈ, കോയമ്പത്തൂര്‍, വിരുദുനഗര്‍ എന്നിവിടങ്ങളിലായി ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് ചെന്നൈ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ തമിഴ്നാട്, പുതുച്ചേരി, കാരക്കല്‍ എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. അടുത്ത മൂന്ന് ദിവസത്തേക്ക് തമിഴ്നാട്ടിലെ പത്ത് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തമിഴ്നാട്ടിലെ കനത്ത മഴ വെള്ളക്കെട്ടിനും ഗതാഗതക്കുരുക്കിനും കാരണമായി. ചെന്നൈ എംടിസിയില്‍ നിന്നുള്ള ബസ് ബുധനാഴ്ച മൂലക്കൊത്തളത്തെ അടിപ്പാതയില്‍ പൂര്‍ണമായും കുടുങ്ങി. കോര്‍പറേഷന്‍ തൊഴിലാളികളും ഗതാഗത വകുപ്പും ഇത് അവിടെ നിന്ന് മാറ്റുകയായിരുന്നു. ഈറോഡ്, തിരുപ്പൂര്‍, കൂനൂര്‍ മേഖലകളില്‍ മണിക്കൂറുകളോളം ശക്തമായ മഴ പെയ്തതോടെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകള്‍ വെള്ളത്തിനടിയിലായി. മാര്‍ക്കറ്റുകളിലും വെള്ളം കയറി.










