ഇടുക്കി :വ്യാജവാർത്ത നൽകിയ ദേശാഭിമാനിയ്‌ക്കെതിരെ മാനനഷ്ടക്കേസ് ഫയൽ ചെയ്‌ത് മറിയക്കുട്ടി. അടിമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയിലാണ് മറിയക്കുട്ടി മാനനഷ്ടകേസ് ഫയല്‍ ചെയ്തത്.കേസിൽ നഷ്ടപരിഹാരവും ശിക്ഷയും നൽകണമെന്നാണ് മറിയക്കുട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ പത്തുപേരെയാണ് പ്രതിചേർത്തിരിക്കുന്നത്.ദേശാഭിമാനി ചീഫ് എഡിറ്ററും ന്യൂസ് എഡിറ്ററുമാണ് കേസിലെ എതിർകക്ഷികൾ.നടപടിയിൽ നിന്നും പിന്മാറില്ലെന്ന് മറിയക്കുട്ടി അറിയിച്ചു.

പെൻഷൻ മുടങ്ങിയതിനെ തുടർന്നാണ് മറിയക്കുട്ടിയും സുഹൃത്ത് അന്നയും മൺചട്ടിയുമായി ഭിക്ഷയാചിക്കാൻ തെരുവിൽ ഇറങ്ങിയത്. മരുന്ന് വാങ്ങാനും മറ്റുകാര്യങ്ങൾക്കുമായി പണം ഇല്ലാതെ വന്നതോടെയാണ് ഇരുവരും ഭിക്ഷയ്ക്കു ഇറങ്ങിയത്.
ക്ഷേമപെൻഷൻ മുടങ്ങിയതിന് പിന്നാലെ ഭിക്ഷയാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടി സമ്പന്നയാണ് എന്ന തരത്തിൽ ദേശാഭിമാനി വ്യാജ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത വന്നതിന് പിന്നാലെ രൂക്ഷമായ സൈബർ ആക്രമണമാണ് മറിയക്കുട്ടിയ്ക്ക് നേരിടേണ്ടിവന്നത്. അതിനെ തുടർന്നാണ് പത്രത്തിനെതിരെ നിയമനടപടി സ്വീകരിക്കാൻ മറിയക്കുട്ടി തീരുമാനിച്ചത്.എന്നാൽ അതിനിടെ ദേശാഭിമാനി ഖേദം പ്രകടിപ്പിച്ച് രംഗത്ത് എത്തിയിരുന്നു എങ്കിലും നിയമനടപടികളുമായി മുന്നോട്ട് തന്നെ പോകുമെന്ന് മറിയക്കുട്ടി വ്യക്തമാക്കിയിരുന്നു.








