വിശാഖപട്ടണം: ഇന്ത്യക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്ട്രേലിയക്ക് കൂറ്റൻ സ്കോർ. ടോസ് നേടി ഓസീസിനെ ബാറ്റ് ചെയ്യാൻ വിട്ട ഇന്ത്യൻ ക്യാപ്ടൻ സൂര്യകുമാർ യാദവിന്റെ പ്രതീക്ഷയ്ക്കൊത്ത് ബൗളർമാർ ഉയരാതെ പോയതോടെ ഓസീസ് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ അടിച്ചെടുത്തത് 208 റൺസാണ്.
തകർപ്പൻ സെഞ്ച്വറി നേടിയ ജോഷ് ഇംഗ്ലിസും അർദ്ധ സെഞ്ച്വറി നേടിയ സ്റ്റീവൻ സ്മിത്തും ചേർന്നാണ് ഓസീസിനെ മികച്ച സ്കോറിൽ എത്തിച്ചത്. ഇംഗ്ലിസ് 50 പന്തിൽ 11 ബൗണ്ടറികളും 8 സിക്സറുകളും ഉൾപ്പെടെ 110 റൺസെടുത്തു. സ്മിത്ത് 52 റൺസ് നേടി.
മൂന്ന് ഇന്ത്യൻ ബൗളർമാർ 10 റൺസിന് മുകളിൽ ശരാശരിയിൽ തല്ല് വാങ്ങിയപ്പോൾ, പ്രസിദ്ധ് കൃഷ്ണയ്ക്കും രവി ബിഷ്ണോയ്ക്കും ഓരോ വിക്കറ്റ് ലഭിച്ചു. ഇരുവരും നാലോവറിൽ 50 റൺസിന് മുകളിൽ വിട്ടുകൊടുത്തു.
മറുപടി ബാറ്റിംഗിൽ ഇന്ത്യൻ യുവനിര ഓസീസിനെതിരെ അതേ നാണയത്തിൽ തിരിച്ചടിക്കുകയാണ്. 10 ഓവറുകൾ പിന്നിടുമ്പോൾ ഇന്ത്യ 2 വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് എടുത്തിട്ടുണ്ട്. 40 റൺസുമായി സൂര്യകുമാർ യാദവും 39 റൺസുമായി ഇഷാൻ കിഷനുമാണ് ക്രീസിൽ. 21 റൺസെടുത്ത യശസ്വി ജയ്സ്വാളും റണ്ണൊന്നുമെടുക്കാതെ ഋതുരാജ് ഗെയ്ക്വാദുമാണ് പുറത്തായത്.
Discussion about this post