മുംബൈ: ‘മഹാദേവ് വാതുവെപ്പ് ആപ്പ് കേസ്’ അന്വേഷിക്കാൻ നാലംഗ അന്വേഷണ സംഘത്തിന് രൂപം നൽകി മുംബൈ പോലീസ്. സൈബർ ടെക്‌നോളജി, സാമ്പത്തിക കുറ്റകൃത്യങ്ങൾ എന്നിവയിലെ വിദഗ്ധരാണ് സംഘത്തിലുള്ളത്. കേസുമായി ബന്ധപ്പെട്ട് മാതുംഗ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത എഫ്ഐആർ മുംബൈ ക്രൈംബ്രാഞ്ചിന് കൈമാറി.
‘മഹാദേവ് ബുക്ക് വാതുവെപ്പ് ആപ്പി’ന്റെ പ്രമോട്ടർമാരായ സൗരഭ് ചന്ദ്രകർ, രവി ഉപ്പൽ, ശുഭം സോണി എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇവരെക്കൂടാതെ മറ്റ് 29 പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. ഒത്തുകളി, അനധികൃത ഹവാല ഇടപാട്, ക്രിപ്‌റ്റോകറൻസി ഇടപാടുകൾ എന്നീ കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. ഇതിനൊപ്പം, 5,000 കോടിയുടെ തട്ടിപ്പും നടന്നതായി ആരോപണമുണ്ട്. ക്രൈംബ്രാഞ്ചാണ് ഇപ്പോൾ കേസിന്റെ അന്വേഷണം നടത്തുന്നത്.
കേസുമായി ബന്ധപ്പെട്ട് ഡാബർ ഡയറക്ടർ ഗൗരവ് ബർമൻ, കമ്പനി ചെയർമാൻ മോഹിത് ബർമാൻ എന്നിവരുൾപ്പെടെ 32 പേർക്കെതിരെ നവംബർ 14 ന് മുംബൈ പോലീസ് കേസെടുത്തിരുന്നു. മാതുംഗയിലെ സാമൂഹിക പ്രവർത്തകനായ പ്രകാശ് ബങ്കറുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ആപ്പ് പ്രൊമോട്ടർ ഉൾപ്പെടെയുള്ളവർക്കെതിരെ മുംബൈ പോലീസ് കേസെടുത്തത്. ഐപിസി സെക്ഷൻ 420, 465, 467, 468, 471, 120 (ബി) എന്നീ വകുപ്പുകൾ പ്രകാരമാണ് സാഹിൽ ഖാൻ, ഗൗരവ് ബർമൻ, മോഹിത് ബർമാൻ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്.








