ഷിംല:അപകടത്തില്‍ പെട്ട കാറില്‍ നിന്ന് യാത്രക്കാരെ സുരക്ഷിതമായി പുറത്തെത്തിക്കാന്‍ കൈകോര്‍ത്ത് ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും. അയാള്‍ വളരെ ഭാഗ്യമുള്ളവനാണ്. ദൈവം അയാള്‍ക്ക് രണ്ടാം ജന്മം കൊടുത്തു എന്ന് പറഞ്ഞ് ഷമി തന്നെയാണ് അപകടവിവരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
അപകടത്തില്‍പെട്ടുകിടക്കുന്ന വാഹനത്തിന്റെ വീഡിയോ സഹിതമായിരുന്നു താരത്തിന്റെ പോസ്റ്റ്. നൈനിറ്റാളിന് സമീപമുളള റോഡിലാണ് അപകടം നടന്നത്. തന്റെ കാറിന് മുന്‍പില്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. വാഹനം പൊടുന്നനെ റോഡിന്റെ വശത്തുളള താഴ്ചയിലേക്ക് നിയന്ത്രണം തെറ്റി പാഞ്ഞിറങ്ങുകയായിരുന്നു. താനും കൂടെയുള്ളവരും ചേര്‍ന്ന് കാറില്‍ കുടുങ്ങിയ ആളെ സുരക്ഷിതമായി പുറത്തിറക്കിയെന്ന് ഷമി പറഞ്ഞു.
ഷമിയെ അഭിനന്ദിച്ച് നിരവധി കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. ഒരാളുടെ വിക്കറ്റ് ഷമി സേവ് ചെയ്യുന്ന അപൂര്‍വ്വ രംഗമെന്നും മറ്റുമുളള പ്രതികരണങ്ങളാണ് ജനങ്ങള്‍ നടത്തുന്നത്. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ വീഴ്ത്തിയ താരമാണ് ഷമി. ലോകകപ്പിലെ മികച്ച പ്രകടനത്തിന് ശേഷം ഷമിക്ക് വലിയ തോതില്‍ ആരാധകരും കൂടിയിട്ടുണ്ട്. സെമിയില്‍ മാത്രം ഏഴ് വിക്കറ്റുകളെടുത്ത് ഷമി പുതിയ റെക്കോഡും കുറിച്ചിരുന്നു.
അപകടത്തില്‍പെട്ട ആളെ രക്ഷിക്കാന്‍ ഷമി കാണിച്ച നല്ല മനസിന് നന്ദി പറയുന്ന കമന്റുകളാണ് അധികവും.
Discussion about this post