തിരുവനന്തപുരം : ഏഴു വയസ്സ് മാത്രം പ്രായമുള്ള മകളെ പീഡിപ്പിക്കാൻ കാമുകന് കൂട്ടുനിന്ന അമ്മയ്ക്ക് ശിക്ഷ വിധിച്ച് പോക്സോ കോടതി. 40 വർഷം തടവും പിഴയുമാണ് ശിക്ഷ വിധിച്ചത്. പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയുടെ സഹോദരിയാണ് ഈ ക്രൂരമായ കുറ്റകൃത്യം പുറത്തറിയിച്ചത്.
ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച കുറ്റത്തിന് അമ്മയുടെ കാമുകനായ ശിശുപാലനെയും കുട്ടിയുടെ അമ്മയെയും പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ശിശുപാലനെ ഒന്നാം പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിന്റെ വിചാരണ നടക്കുന്ന കാലയളവിൽ ശിശുപാലൻ ആത്മഹത്യ ചെയ്തു.
കാമുകൻ മകളെ പീഡിപ്പിക്കുന്ന വിവരം അറിഞ്ഞിട്ടും അമ്മയായ യുവതി എതിർത്തില്ലെന്നും കൂട്ടുനിന്നെന്നും കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം പോക്സോ കോടതിയാണ് കുട്ടിയുടെ അമ്മയ്ക്ക് 40 വർഷത്തെ തടവും പിഴയും ശിക്ഷ വിധിച്ചത്.








