ന്യൂഡൽഹി : ഇന്ത്യയിൽ ആഭ്യന്തര തലത്തിലുള്ള ക്രൂഡ് ഓയിൽ ഉൽപാദനം വർദ്ധിച്ചതായി റിപ്പോർട്ട്. പെട്രോളിയം പ്ലാനിങ് & അനാലിസിസ് സെല്ലിന്റെ കണക്കുകൾ പ്രകാരം രാജ്യത്തെ പ്രതിമാസ ക്രൂഡ് ഓയിൽ ഉല്പാദനം 2.2% വരെ ഉയർന്ന് 2.5 ലക്ഷം മെട്രിക് ടണ്ണിൽ എത്തി. ഓയിൽ & നാച്ചുറൽ ഗ്യാസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (ONGC), ഓയിൽ ഇന്ത്യ, റിലയൻസ് ഇൻഡസ്ട്രീസ് എന്നീ കമ്പനികളാണ് ഇന്ത്യയിൽ ക്രൂഡ് ഓയിൽ ഉല്പാദനത്തിൽ മികച്ച തോതിലുള്ള വളർച്ച രേഖപ്പെടുത്തിയിരിക്കുന്നത്.
രാജ്യം സ്വന്തമായി ഉത്പാദിപ്പിക്കുന്ന ക്രൂഡ് ഓയിലിന്റെ അളവ് വർദ്ധിച്ചതോടെ ഇറക്കുമതിയിലും വലിയ ഇടിവ് രേഖപ്പെടുത്തി. വിദേശരാജ്യങ്ങളിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ മൂന്ന് ശതമാനത്തോളം ഇടിവാണ് വന്നിട്ടുള്ളത്. കഴിഞ്ഞവർഷം ഒക്ടോബറിൽ ഇന്ത്യ ക്രൂഡ് ഓയിൽ, പ്രകൃതിവാതകം എന്നിവ ഇറക്കുമതി ചെയ്യാനായി 15.8 ബില്യൺ ഡോളർ ആയിരുന്നു ചെലവഴിച്ചിരുന്നത്. എന്നാൽ ഈ വർഷം ഒക്ടോബറിൽ അത് 9.8 ബില്യൺ ഡോളറായി കുറഞ്ഞു.
ലോകത്തിലെ തന്നെ മൂന്നാമത്തെ വലിയ ഇന്ധന ഉപഭോക്തൃ രാജ്യവും ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യവുമാണ് ഇന്ത്യ. രാജ്യത്ത് ഉപയോഗിക്കുന്ന ക്രൂഡ് ഓയിലിന്റെ 84 ശതമാനവും ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. റഷ്യയിൽ നിന്ന് കുറഞ്ഞ നിരക്കിൽ ഇന്ധനം ലഭിക്കുന്നത് വഴി നിലവിൽ ഇന്ധനത്തിനായി രാജ്യം ചെലവഴിക്കുന്ന തുകയിൽ കുറവ് വരുത്താൻ സഹായിച്ചിട്ടുണ്ട്.
Discussion about this post