ന്യൂഡല്‍ഹി : സമൂഹമാദ്ധ്യമങ്ങളില്‍ ഭാരത് പേയ്ക്കെതിരെ പോസ്റ്റിട്ടതിന് സഹസ്ഥാപകനെതിരെ നടപടിയെടുത്ത് ഡല്‍ഹി ഹൈക്കോടതി. ഭാരത് പേയുടെ മുന്‍ മാനേജിംഗ് ഡയറക്ടറായ അഷ്നീര്‍ ഗ്രോവറിനാണ് രണ്ട് ലക്ഷം രൂപ ഡല്‍ഹി ഹൈക്കോടതി പിഴ ചുമത്തിയത്. മുന്‍ എംഡിയുടെ പെരുമാറ്റം ഞെട്ടിക്കുന്നതാണെന്നും ഉത്തരവുകള്‍ ലംഘിച്ചതിനാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തതന്നും കോടതി പറഞ്ഞു. യുപിഐ ആപ്പിനെക്കുറിച്ചുളള വിശദാംശങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചത് വിവാദമായതോടെ അഷ്‌നീര്‍ കോടതിയില്‍ മാപ്പ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പിഴ ചുമത്തിയിരിക്കുന്നത്.
ഭാരത്പേയുടെ മാതൃസ്ഥാപനമായ റെസിലിന്റ് ഇന്നോവേഷന്‍സാണ് ഡല്‍ഹി ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്. ഭാരത് പേയ്ക്കെതിരെ പോസ്റ്റിട്ടതിന് ഇയാള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കണമെന്നും രഹസ്യവിവരങ്ങള്‍ വെളിപ്പെടുത്തുന്നത് തടയണമെന്നും റെസിലിന്റ് ഇന്നോവേഷന്‍സ് കോടതിയില്‍ ആവശ്യപ്പെട്ടു.
കൂടാതെ ജോലിയുമായി ബന്ധപ്പെട്ട കരാര്‍ ലംഘിക്കുന്ന തരത്തിലാണ് ഇയാളുടെ പ്രവൃത്തികളെന്നും കമ്പനിയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങള്‍ വെളിപ്പെടുത്തിയത് തെറ്റാണെന്നും ഭാരത്പേയുടെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചു. അഷ്‌നീര്‍ ഗ്രോവര്‍ 88.67 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കമ്പനി നേരത്തെ കേസ് ഫയല്‍ ചെയ്തിരുന്നു. 81.28 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് ഗ്രോവറിനെയും ഭാര്യ മാധുരി ജെയിനിനെയും ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം കഴിഞ്ഞ ദിവസം ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് കസ്റ്റഡിയിലെടുത്തിരുന്നു.








