മുംബൈ: ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ മുംബൈയിലെ വസതിക്കു മുന്നില്‍ അനധികൃതമായി നിര്‍മിച്ച റാമ്പ് സിവില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ പൊളിച്ചു നീക്കി. ബാന്ദ്രയിലെ മന്നത്ത് എന്ന ബംഗ്ളാവിനു മുന്നില്‍ റോഡ് കൈയേറി നടത്തിയ നിര്‍മാണം പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്പറേഷന് കഴിഞ്ഞ ആഴ്ച നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സൂപ്പര്‍ താരം ആവശ്യം അംഗീകരിക്കാത്തതിനെ തുടര്‍ന്നാണ് അധികൃതര്‍ ഇന്നു രാവിലെ റാമ്പ് പൊളിച്ചു നീക്കിയത്.
റോഡ് കൈയേറി നടന് ഷാരൂഖ് ഖാന് നടത്തിയ അനധികൃത നിര്‍മാണം പൊളിച്ചു മാറ്റണമെന്ന് ബിജെപി നേതാവ് പൂനംമഹാജന് എം.പി മുംബൈ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് തുടര്‍ന്ന് കയ്യേറ്റം ഒഴിവാകാന്‍ കോര്പ്പറേഷന് നോട്ടീസ് നല്‍കുകയും ചെയ്തു. നേരത്തെ റോഡിലേക്കിറക്കി പണിത റാമ്പ് പൊതുഗതാഗതത്തെ തടസപ്പെടുത്തുവെന്ന് നാട്ടുകാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ നേരിട്ട് പരാതി പറഞ്ഞിട്ടും ഷാരൂഖ് ഖാന് വിഷയം അവഗണിച്ചുവെന്നും നാട്ടുകാര്‍ പറയുന്നു.
ആഡംബര വാന്‍ പാര്‍ക്ക് ചെയ്യാന്‍ വേണ്ടിയാണ് വീടിന് മുന്നിലെ റോഡിലേക്കിറക്കി ഷാരൂഖ് നിര്‍മാണം നടത്തിയത്. നിരന്തരം നടത്തിയ സമര്ദ്ദത്തിനൊടുവില് അനധികൃത നിര്‍മ്മാണം പൊളിച്ച് മാറ്റിയത് വലിയ വിജയമായി കാണുകയാണ് നാട്ടുകാര്‍.
Discussion about this post