ലക്‌നൗ : ബാധയൊഴിപ്പിക്കാനെന്ന പേരിൽ ഹിന്ദു സ്ത്രീയെ മതപരിവർത്തനത്തിന് ഇരയാക്കിയ സംഭവത്തിലെ പ്രതി സർഫാറസിനെതിരെ കൂടുതൽ പരാതികൾ. പ്രേതബാധയൊഴിപ്പിക്കാനെന്ന പേരിൽ ഭാര്യയെ സർഫാറസും പിതാവും കൂടി മതപരിവർത്തനത്തിന് ഇരയാക്കിയെന്ന പരാതിയുമായി നന്ദ്ഗ്രാം സ്വദേശിയാണ് രംഗത്ത് എത്തിയിരിക്കുന്നത്. സംഭവത്തിൽ ഇരുവർക്കുമെതിരെ യുവാവ് പോലീസിൽ പരാതിയും നൽകിയിട്ടുണ്ട്.
ദീർഘനാളായി ഭാര്യ ആരോഗ്യപ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടുകയാണെന്ന് യുവാവിന്റെ പരാതിയിൽ പറയുന്നു. ഇതറിഞ്ഞ് സർഫാറാസും പിതാവ് അബ്ബുവും തങ്ങളെ സമീപിക്കുകയായിരുന്നു. ഭാര്യയെ കണ്ട ഇവർ ബാധകയറിയത് ആണെന്നും ബാധയൊഴിപ്പിച്ചാൽ പ്രശ്‌നങ്ങൾ ശരിയാകുമെന്നും പറഞ്ഞു. ഇത് വിശ്വസിച്ചുപോയെന്നും യുവാവ് പരാതിയിൽ പറയുന്നു.
അടുത്ത ദിവസം ഇവർ വീട്ടിൽ എത്തി ദൈവങ്ങളുടെ ചിത്രങ്ങൾ മാറ്റാൻ ആവശ്യപ്പെട്ടു. ബാധയൊഴിപ്പിക്കുമ്പോൾ ഇവയൊന്നും വീടിനുള്ളിൽ ഉണ്ടാകാൻ പാടില്ലെന്നായിരുന്നു അവർ പറഞ്ഞത്. ഇതോടെ എടുത്ത് മാറ്റി. എന്നാൽ പിന്നീട് ചില പ്രാർത്ഥനകൾ വഴി ഭാര്യയെ മതം മാറ്റുകയായിരുന്നു. ബാധയൊഴിപ്പിക്കാനെന്ന പേരും പറഞ്ഞ് 50,000 രൂപ തട്ടിയെടുത്തു എന്നും യുവാവ് പരാതിയിൽ വ്യക്തമാക്കുന്നു.
നിലവിൽ ഗാസിയാബാദ് സ്വദേശിനിയെ മതംമാറ്റിയ കേസുമായി ബന്ധപ്പെട്ട് സർഫാറസ് അറസ്റ്റിലാണ്. നിലവിൽ ലഭിച്ച പരാതിയിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഈ പരാതിയിൽ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.








