ന്യൂഡൽഹി : ക്രിക്കറ്റ് ലോകത്ത് പുതിയ ചരിത്രമെഴുതി ഉഗാണ്ട. ഐസിസി 2024 ടി20 ലോകകപ്പിൽ മത്സരിക്കാനായി ഉഗാണ്ട യോഗ്യത നേടി. യോഗ്യത മത്സരങ്ങളിൽ ആറു മത്സരങ്ങളിൽ അഞ്ചെണ്ണവും ജയിച്ചാണ് ഉഗാണ്ട ലോകകപ്പ് വേദിയിലേക്ക് എത്തുന്നത്. അതേസമയം സിംബാവേയ്ക്ക് ഈ വർഷവും ടി20 ലോകകപ്പിലേക്ക് യോഗ്യത നേടാനായില്ല.
ആദ്യമായാണ് ഉഗാണ്ടൻ ക്രിക്കറ്റ് ടീം ഐസിസി ലോകകപ്പ് ടൂർണമെന്റിൽ മത്സരിക്കാനെത്തുന്നത്. ടി20 ലോകകപ്പിൽ പങ്കെടുക്കുന്ന അഞ്ചാമത്തെ ആഫ്രിക്കൻ രാജ്യമാണ് ഉഗാണ്ട. അവസാന യോഗ്യതാ മത്സരത്തിൽ റുവാണ്ടയായിരുന്നു ഉഗാണ്ടയുടെ എതിരാളികൾ. ഒമ്പത് വിക്കറ്റുകൾക്കാണ് ഉഗാണ്ട റുവാണ്ടയ്ക്കെതിരെ വിജയം കൈവരിച്ചത്.
വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായാണ് 2024ലെ ഐസിസി ടി20 ലോകകപ്പ് നടക്കുക. 2024 ജൂൺ 4 മുതൽ ജൂൺ 30 വരെയാണ് ഒമ്പതാമത് പുരുഷ ടി20 ലോകകപ്പ് നടക്കുന്നത്. അമേരിക്കയിൽ വെച്ച് ആദ്യമായി ഐസിസി ക്രിക്കറ്റ് ലോകകപ്പ് നടക്കുന്നു എന്നുള്ളതും 2024 ടി20 ലോകകപ്പിന്റെ പ്രത്യേകതയാണ്.
Discussion about this post