കൊൽക്കത്ത: റെയിൽവേ ട്രാക്കുകളിൽ ട്രെയിനിടിച്ച് ആനകൾ ചെരിയുന്ന സംഭവങ്ങൾക്ക് തടയിടാൻ നിർമിതബുദ്ധി ഉപയോഗിച്ചുളള മുന്നറിയിപ്പ് സംവിധാനം കൂടുതൽ ട്രാക്കുകളിൽ ഏർപ്പെടുത്താൻ ഒരുങ്ങി ഇന്ത്യൻ റെയിൽവേ. വടക്കൻ ബംഗാളിലെ മുഴുവൻ റെയിൽവേ ട്രാക്കുകളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) അടിസ്ഥാനമാക്കിയുള്ള സംവിധാനം (ഐഡിഎസ്) സ്ഥാപിക്കാനാണ് ആലോചന. തിങ്കളാഴ്ച അലിപുർദുവാറിൽ മൂന്ന് ആനകൾ ട്രെയിനിടിച്ച് ചെരിഞ്ഞതിനെ തുടർന്നാണ് നീക്കം.
അലിപുർദുവാർ ജില്ലയിലെ നഗ്രകാട്ടയ്ക്കും മദരിഹട്ടിനും ഇടയിൽ 37 കിലോമീറ്ററിൽ ഈ സംവിധാനം സ്ഥാപിച്ചട്ടുണ്ട്. എന്നാൽ 2024 ജൂണിൽ സിലിഗുരിയ്ക്കും അലിപുർദുവാറിനും ഇടയിലുള്ള 158 കിലോമീറ്റർ ദൂരവും കവർ ചെയ്യാനുള്ള പദ്ധതികളാണ് ഇപ്പോൾ ആസൂത്രണം ചെയ്യുന്നത് എന്ന് പശ്ചിമ ബംഗാളിലെ ചീഫ് വൈൽഡ് ലൈഫ് വാർഡൻ ദെബൽ റേ പറഞ്ഞു.
ഐഡിഎസിൽ സെൻസറുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഈ സെൻസർ എഐ സോഫ്റ്റ്വെയറിന് ഇരുവശത്തുമുള്ള 40 കിലോമീറ്റർ വരെ അസാധാരണമായ ചലനങ്ങൾ നിരീക്ഷിക്കാൻ കഴിയും. ട്രാക്കുകളിൽ ആനകളുടെ സാന്നിധ്യം മനസ്സിലാക്കിയാൽ ഇത് ഫൈബർ ഒപ്റ്റിക് അധിഷ്ഠിത ശബ്ദസംവിധാനം കൺട്രോൾ ഓഫീസുകൾ, സ്റ്റേഷൻ മാസ്റ്റർമാർ, ഗേറ്റ്മാൻമാർ, ലോക്കോ പൈലറ്റുമാർ എന്നിവരെ സെൻസർ വഴി അറിയിക്കും.
പദ്ധതിയുടെ പൈലറ്റ് പ്രൊജക്ടിനായി വനം വകുപ്പിലെയും റെയിൽവെയിലെയും ഉദ്യോഗസ്ഥരുടെ പ്രത്യേക സമിതി രൂപീകരിച്ചിരുന്നു. ഈ സംവിധാനത്തിന്റെ പ്രവർത്തനവും പ്രയോജനവും സമിതി നിരീക്ഷിച്ച് വിലയിരുത്തുന്നുണ്ട്. ഡിസംബർ അവസാനത്തോടെ സമിതി ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കും.
വടക്കുകിഴക്കൻ റെയിൽവേയും വനംവകുപ്പും തദ്ദേശീയമായ സാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ച സംവിധാനമാണിത്. രാജ്യത്തെ പ്രധാന ആനത്താരകളിൽ അധികവും പശ്ചിമബംഗാളിലാണ്. മൊത്തം ആനത്താരകളിൽ 17 ശതമാനമാണ് ബംഗാളിലുളളത്.
158 കിലോമീറ്ററിലെ നഗരങ്ങളായ ആലിപുർദുവാറിലും സിലിഗുരിയും ഒഴികെയുളള എല്ലാ സ്ഥലങ്ങളിലും ആനകൾ റെയിൽവേ ട്രാക്കുകൾ പതിവായി ക്രോസ് ചെയ്യുന്ന ഇടങ്ങളാണെന്ന് വനം വകുപ്പും പറയുന്നു. വനവും തേയില തോട്ടങ്ങളും നിറഞ്ഞ പ്രദേശമാണിത്. ഗുവാഹട്ടി – സിലിഗുരി ചരക്കുതീവണ്ടിയാണ് കഴിഞ്ഞ ദിവസം ബുക്‌സ കടുവ സങ്കേതത്തിൽ മൂന്ന് ആനകളെ ഇടിച്ചത്.
പ്രകൃതി ദുരന്തങ്ങൾ മൂലം ട്രാക്കുകളിൽ ഉണ്ടാകാനിടയുളള മണ്ണിടിച്ചിൽ ഉൾപ്പെടെയുളള തടസങ്ങളും റെയിൽവേ ലൈനിലെ കേടുപാടുകളും ഉൾപ്പെടെ ഈ സാങ്കേതിക സംവിധാനം വഴി മനസിലാക്കാൻ കഴിയുമെന്നും ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.








