ന്യൂഡൽഹി : ഡിസംബർ 4ന് ‘മൈചൗങ്’ ചുഴലിക്കാറ്റ് തമിഴ്‌നാട്, ആന്ധ്രാപ്രദേശ് തീരപ്രദേശത്തെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രത്തിന്റെ റിപ്പോർട്ട്. ഡിസംബർ നാലോടെ തമിഴ്നാട് ആന്ധ്രപ്രദേശ് ഭാഗങ്ങളിൽ മഴ വീണ്ടും ശക്തമാക്കാൻ സാധ്യതയുണ്ട്.
കഴിഞ്ഞ രണ്ട് ദിവസമായി ചെന്നൈയിലും തമിഴ്‌നാടിന്റെ മറ്റ് ഭാഗങ്ങളിലും കനത്ത മഴയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
ബംഗാൾ ഉൾക്കടലിൽ വെള്ളിയാഴ്ച ന്യൂനമർദം ശക്തി പ്രാപിക്കുകയും ഡിസംബർ മൂന്നോടെ ചുഴലിക്കാറ്റായി മാറുകയും ചെയ്യുന്നതാണ്. ഡിസംബർ നാലിന് വൈകിട്ട് ആന്ധ്രാപ്രദേശിലെ മച്ചിലിപട്ടണത്തിനും ചെന്നൈയ്ക്കും ഇടയിൽ ചുഴലിക്കാറ്റ് തീരം കടക്കുമെന്നാണ് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്.
ഈ വർഷം ഇന്ത്യൻ മഹാസമുദ്രത്തിൽ ഉണ്ടാകുന്ന ആറാമത്തെയും ബംഗാൾ ഉൾക്കടലിലെ നാലാമത്തെയും ചുഴലിക്കാറ്റാണിത്. മ്യാൻമർ ആണ് ഈ ചുഴലിക്കാറ്റിന് ‘മൈചൗങ്’ എന്ന പേര് നൽകിയിരിക്കുന്നത്. ഡിസംബർ 4, 5 തീയതികളിൽ തമിഴ്നാട്ടിലെയും ആന്ധ്രപ്രദേശിലെയും നിരവധി മേഖലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.








