ഹൈദരാബാദ്: തെലങ്കാനയിൽ കനത്ത തിരിച്ചടി നേരിട്ട് അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎം. സിറ്റിംഗ് സീറ്റുകൾ ഉൾപ്പെടെ നഷ്ടമായി. ഒൻപത് സീറ്റുകളിലേക്ക് ആയിരുന്നു ഇക്കുറി എഐഎംഐഎം മത്സരിച്ചത്.
മൂന്ന് സിറ്റിംഗ് സീറ്റുകളാണ് പാർട്ടിയ്ക്ക് നഷ്ടമായത്. യാകുത്പുരസ കർവാൻ, നമ്പല്ലി എന്നീ മണ്ഡലങ്ങളാണ് നഷ്ടമായത്. സീറ്റുകളുടെ എണ്ണത്തിലും കുറവുണ്ടായി. കഴിഞ്ഞ തവണ ഏഴ് സീറ്റുകൾ നേടിയ എഐഎംഐഎം ആറ് സീറ്റുകളിലേക്ക് ഒതുങ്ങി.
അസദുദ്ദീൻ ഒവൈസിയുടെ സഹോദരൻ അക്ബറുദ്ദീൻ ഒവൈസി ലീഡ് ചെയ്യുന്നുണ്ട്. ചന്ദ്രയാംഗുട്ട മണ്ഡലത്തിലാണ് അക്ബറുദ്ദീൻ മത്സരിക്കുന്നത്. ബഹാദുർപുര ചാർമിനാർ, മലക്‌പെറ്റ്, നമ്പള്ളി, യകുത്പുര എന്നീ സീറ്റുകളിലാണ് പാർട്ടി മുന്നേറുന്നത്.
അതേസമയം തെലങ്കാനയിൽ കോൺഗ്രസ് അധികാരം ഉറപ്പിച്ചിരിക്കുകയാണ്. 65 സീറ്റുകളിലാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. ബിആർഎസും സംസ്ഥാനത്ത് ശക്തമായ തിരിച്ചടിയാണ് നേരിട്ടിട്ടുള്ളത്.








