ന്യൂഡൽഹി: രാജസ്ഥാൻ, മധ്യപ്രദേശ് , ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ നിർണ്ണായക വിജയങ്ങൾ നേടിയ ഉടനെ തന്നെ ഭാരതീയ ജനതാ പാർട്ടി തങ്ങളുടെ മുഖ്യമന്ത്രിമാരെ ഉറപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു.മൂന്ന് സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രി സ്ഥാനങ്ങൾക്കുള്ള പേരുകൾ നിശ്ചയിച്ചുവെന്നും തിരഞ്ഞെടുത്ത സ്ഥാനാർത്ഥികൾക്ക് ബിജെപി ഔദ്യോഗികമായി അംഗീകാരം നൽകിയതായും കരുതപ്പെടുന്നു.
രാജസ്ഥാനിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ പല പേരുകളും ഉയർന്നു വന്നെങ്കിലും വസുന്ധര രാജെയ്ക്ക് തന്നെയാണ് വീണ്ടും പ്രാമുഖ്യം നൽകപ്പെടുന്നത്. പാർട്ടി അവരെ വീണ്ടും ചുമതല ഏൽപ്പിച്ചേക്കും. അതിനിടെ, മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാനാണ് സാധ്യത കൂടുതലെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, അദ്ദേഹത്തിന് മറ്റൊരു അവസരം നൽകാനുള്ള തയ്യാറെടുപ്പുകൾ നടക്കുന്നുണ്ട്. ഛത്തീസ്ഗഢിൽ കേന്ദ്രമന്ത്രി രേണുക സിംഗിനെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പരിഗണിക്കുന്നുണ്ട്. എല്ലാ പേരുകളുടെയും കാര്യത്തിൽ തീരുമാനമെടുത്തിട്ടുണ്ടെങ്കിലും ഔദ്യോഗിക പ്രഖ്യാപനം ഇനിയും ബാക്കിയാണ്
മുഖ്യമന്ത്രി ആരാകണം എന്ന തീരുമാനം എടുത്തതിൽ പാർട്ടിയിലെ ഭാവി നേതൃത്വ നിരയെയും 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പും ബി ജെ പി പരിഗണിച്ചിട്ടുണ്ട്. അതിനാൽ തന്നെ പരിചിതമായ മുഖങ്ങൾ തന്നെ ഒരുപക്ഷെ വന്നാലും ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക് ബി ജെ പി അടുത്ത തലമുറ നേതാക്കളെ കൊണ്ടുവരാനുള്ള സാധ്യതയാണ് കാണുന്നത്.
മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാൻ മുഖ്യമന്ത്രിയുടെ റോൾ ഏറ്റെടുത്തേക്കും, ഭാവി നേതൃത്വത്തെ പരിപോഷിപ്പിക്കാൻ രണ്ട് ഉപമുഖ്യമന്ത്രിമാർക്കും സാധ്യതയുണ്ട്. അതുപോലെ, രാജസ്ഥാനിൽ ഒന്നോ രണ്ടോ ഉപമുഖ്യമന്ത്രിമാർക്കൊപ്പം വസുന്ധര രാജെ മുഖ്യമന്ത്രിയാകാം. ഛത്തീസ്ഗഢിൽ, സ്ത്രീകളെയും ആദിവാസി വിഭാഗങ്ങളെയും പ്രതിനിധീകരിക്കുന്ന പ്രമുഖ നേതാവായ രേണുക സിംഗിന് മുഖ്യമന്ത്രി സ്ഥാനം നല്കപ്പെടാം, എന്നാൽ പരിചയസമ്പന്നനായ ഒരു നേതാവ് അവിടെ ഉപമുഖ്യമന്ത്രിയാകും.








