റോം: ചൈനയുടെ ഇൻഫ്രാ പദ്ധതിയായ ബെൽറ്റ് ആന്റ് റോഡിൽ നിന്നും പിൻമാറി ഇറ്റലി. പദ്ധതിയിൽ നിന്നും ഇറ്റലി പിൻമാറുന്നത് സംബന്ധിച്ച് നേരത്തെ അഭ്യൂഹങ്ങൾ പരന്നിരുന്നു. എന്നാൽ, മൂന്ന് ദിവസം മുൻപ് തന്നെ ഇതേക്കുറിച്ച് ഔദ്യോഗികമായി ചൈനയെ അറിയിച്ചതായി ഇറ്റലി വ്യക്തമാക്കി. നാല് നാല് വർഷത്തിലേറെയായി പദ്ധതിയുടെ ഭാഗമായിരുന്ന ഏക ജി 7 രാജ്യമാണ് ഇപ്പോൾ പിന്മാറിയിരിക്കുന്നത്. പദ്ധതിയുടെ ഭാഗമാകുന്ന ആദ്യ പാശ്ചാത്യ രാജ്യം കൂടിയായിരുന്നു ഇറ്റലി.
2019-ഓടെയാണ് ചൈനയുടെ ബെല്‍റ്റ് ആന്‍ഡ് റോഡ് പദ്ധതിയുടെ ഭാഗമായി ഇറ്റലി മാറുന്നത്. യുഎസ് ഉന്നയിച്ച എല്ലാ ആശങ്കകളും തള്ളിക്കൊണ്ടായിരുന്നു ഇറ്റലി പദ്ധതിക്കായി ചൈനയ്ക്കൊപ്പം നിന്നത്. പദ്ധതിയിൽ നിന്നും പിൻമാറുകയാണെന്ന് ഇറ്റലിയുടെ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ജോർജിയ മെലോണി കഴിഞ്ഞ വർഷം പറഞ്ഞിരുന്നു. പദ്ധതി കൊണ്ട് ഇറ്റലിക്ക് യാതൊരു ഗുണവും ഉണ്ടാകില്ല എന്നാണ് മെലോണി ഇതിന് കാരണമായി പറഞ്ഞത്.
പദ്ധതിയുമായി ബന്ധപ്പെട്ട് 2019ൽ ഇരു രാജ്യങ്ങളും ചേർന്ന് ഒപ്പിട്ട കരാർ 2024 മാര്‍ച്ചില്‍ അവസാനിക്കുകയാണ്. കരാറിൽ നിന്നും പിൻമാറുന്നത് സംബന്ധിച്ച് മൂന്ന് മാസം മുൻപെങ്കിലും രേഖാമൂലം അറിയിച്ചില്ലെങ്കിൽ മാർച്ചിന് ശേഷവും കരാർ തുടരണമെന്നായിരുന്നു വ്യവസ്ഥ. ഈ സാഹചര്യത്തിലാണ് പദ്ധതിയിൽ നിന്നും പിൻമാറുന്നത് ഔദ്യോഗികമായി ഇറ്റലി അറിയിച്ചത്.
Discussion about this post