ടെൽ അവീവ് : ഗാസ മുനമ്പിൽ ഹമാസും ഇസ്രായേലി സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഇന്ത്യൻ വംശജനായ സൈനികൻ കൊല്ലപ്പെട്ടു. ഇസ്രായേൽ റിസർവ് സൈന്യത്തിലെ മാസ്റ്റർ സാർജന്റ് ആയ അഷ്‌ഡോഡിൽ സ്വദേശിയായ ഗിൽ ഡാനിയൽസ് ആണ് കൊല്ലപ്പെട്ടത്.
ഗാസ മുനമ്പിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് സൈനികരിൽ ഗിലും ഉൾപ്പെടുന്നുവെന്ന് ഇസ്രായേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. യോയലിന്റെയും മസാലിന്റെയും മകൻ മാസ്റ്റർ സർജൻറ് ഗിൽ ഡാനിയൽസ് (34) ഇസ്രായേൽ രാജ്യത്തിന്റെ അഭിമാനത്തിനായി പോരാടി വീരചരമം പ്രാപിച്ചതായി ഇന്ത്യൻ ജൂത പൈതൃക കേന്ദ്രവും വെളിപ്പെടുത്തി.
ഹീബ്രു സർവകലാശാലയിലെ സ്കൂൾ ഓഫ് ഫാർമസിയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള വ്യക്തിയായിരുന്നു ഗിൽ ഡാനിയൽസ്. ഇന്ത്യയിലെ മഹാരാഷ്ട്ര മേഖലയിൽ നിന്നുള്ള ബെനെ ഇസ്രായേൽ കമ്മ്യൂണിറ്റി അംഗമാണ് ഗിൽ. ഒക്ടോബർ 7 മുതൽ ഇതുവരെ നാല് ഇന്ത്യൻ വംശജരായ ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.








