ബംഗളൂരു:മൂന്ന് വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഹിന്ദു സംഘടനാ പ്രവർത്തകനെ വിവാഹം ചെയ്ത് മുസ്ലീം യുവതി. ദക്ഷിണ കന്നഡ സ്വദേശിയായ ആയിഷയാണ് ബജ്രംഗ്ദൾ പ്രവർത്തകനായ പ്രശാന്ത് ഭണ്ഡാരിയെ വിവാഹം ചെയ്തത്. ഇതിന് മുന്നോടിയായി സനാതനധർമ്മത്തിലേക്ക് മടങ്ങിയ യുവതി അക്ഷത എന്ന നാമവും സ്വീകരിച്ചു.
ദക്ഷിണ കന്നഡയിലെ സൂരത്കല്ലിലാണ് യുവതിയും പ്രശാന്തും താമസും. ഇരുവരും ബാല്യകാലം മുതൽ ഒന്നിച്ച് കളിച്ച് വളർന്നവരാണ്. എന്നാൽ മൂന്ന് വർഷം മുൻപ് ഇവരുടെ സൗഹൃദം പ്രണയ ബന്ധമായി മാറുകയായിരുന്നു.
അടുത്തിടെ ഇക്കാര്യം ആയിഷയുടെ വീട്ടിൽ അറിഞ്ഞു. ഇതോടെ ശക്തമായ എതിർപ്പുമായി ആയിഷയുടെ വീട്ടുകാർ രംഗത്ത് വരികയായിരുന്നു. ഇതോടെ ആയിഷ പ്രശാന്തിനൊപ്പം ഇറങ്ങിവന്നു. ഇതിന് പിന്നാലെയായിരുന്നു വിവാഹം. ഇതിനിടെ യുവാവിനെ കുടുക്കാൻ ആയിഷയുടെ കുടുംബം മകളെ തട്ടിക്കൊണ്ട് പോയെന്ന തരത്തിൽ പോലീസിൽ പരാതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ കഴിഞ്ഞ ദിവസം ഇരുവരും തമ്മിലുള്ള വിവാഹ ചിത്രങ്ങൾ ആയിഷ പുറത്തുവിടുകയായിരുന്നു.
പ്രശാന്തിന്റെ കുടുംബത്തിന്റെയും ഹിന്ദു സംഘടനാ നേതാക്കളുടെ സാന്നിദ്ധ്യത്തോടെയായിരുന്നു വിവാഹം. ഇതിന് മുൻപ് ഹിന്ദു മതം സ്വീകരിക്കണമെന്ന് ആയിഷ പ്രശാന്തിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നായിരുന്നു സനാതനധർമ്മത്തിലേക്കുള്ള മാറ്റം.











