മുംബൈ: ‘വൺ ഭാരത് സാരി വാക്കത്തോൺ’ ഫ്ലാഗ് ഓഫ് ചെയ്ത് കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ. സോണാലി ബിന്ദ്രെ, രൂപാലി ഗാംഗുലി, തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. രാജ്യത്തെ കൈത്തറി സാരി സംസ്‌കാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ടെക്സ്റ്റൈൽ മന്ത്രാലയം ആണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയിൽ രാജ്യത്തുടനീളമുള്ള സ്ത്രീകൾ അവരുടെ സാരി ധരിക്കുന്ന രീതി പ്രദർശിപ്പിക്കുന്നു. അത് വഴി ഇന്ത്യയുടെ നാനാത്വത്തിൽ ഏകത്വം എന്ന ചിന്തയെയാണ് പ്രകടമാക്കുന്നത്.
പരമ്പരാഗത തുണിത്തരങ്ങളെ പ്രോത്സാഹിപ്പിക്കുകയും ‘വോക്കൽ ഫോർ ലോക്കൽ’ എന്ന ആശയത്തെ പിന്തുണയ്ക്കുകയുമാണ് പരിപാടിയുടെ ലക്ഷ്യം. ഇതിനായി സ്ത്രീകൾക്കിടയിൽ ശാരീരികക്ഷമതയെക്കുറിച്ച് അവബോധം വളർത്തുകയും ആരോഗ്യകരമായ ജീവിതം നയിക്കാൻ അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് ടെക്സ്റ്റൈൽ മന്ത്രാലയത്തിന്റെ പത്രക്കുറിപ്പിൽ പറയുന്നു.
പ്രമുഖ പ്രൊഫഷണലുകൾ, ബോളിവുഡ്, ടെലിവിഷൻ താരങ്ങൾ, കായിക രംഗത്തെ പ്രമുഖർ, ബിസിനസ്സ് വനിതകൾ, ഡിസൈനർമാർ, ഇൻഫ്ലുവൻസർമാർ, വീട്ടമ്മമാർ, സംഗീത രംഗത്തെ പ്രമുഖരായ വനിതകൾ തുടങ്ങി 5000-ലധികം വനിതകൾ പരിപാടിയിൽ അവരുടെ പരമ്പരാഗത വസ്ത്രത്തിൽ പങ്കെടുത്തു. ഇതിന് മുമ്പ് സൂറത്തിലും സാരി വാക്കത്തോൺ സംഘടിപ്പിച്ചിരുന്നു.
കൈത്തറി മേഖല നമ്മുടെ രാജ്യത്തിന്റെ സമ്പന്നവും വൈവിധ്യപൂർണ്ണവുമായ സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമാണ്, കൂടാതെ ധാരാളം ആളുകൾക്ക്, പ്രത്യേകിച്ച് സ്ത്രീകൾക്ക് തൊഴിൽ നൽകുന്ന പ്രധാന മേഖലകളിലൊന്നാണാണ് കൈത്തറി. ഇന്ത്യയിലെ കൈത്തറി മേഖലയിൽ 35 ലക്ഷത്തിലധികം ആളുകളാണുള്ളത്.








