തിരുവനന്തപുരം: മാനവീയം വിഥിയിൽ വീണ്ടും കൂട്ടയടി. ഇന്നലെ രാത്രിയാണ് രണ്ട് സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. സിഗററ്റ് വലിച്ച് മുഖത്തേക്ക് ഊതി വിട്ടതിനെ തുടർന്ന് നടന്ന തർക്കമാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ആൽത്തറ ജംഗ്ഷന് സമീപമായിരുന്നു സംഭവം. സംഭവത്തെ തുടർന്ന് മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. എന്നാൽ, പോലീസിനെ കണ്ട് ബാക്കിയുള്ളവർ ചിതറിയോടുകയായിരുന്നു.
ഇതിന് മുൻപും പലപ്പോഴും പ്രദേശത്ത് സംഘർഷങ്ങൾ നടന്നിരുന്നു. രാത്രി കാലങ്ങളിൽ പ്രശ്നങ്ങൾ പതിവായതിനെ തുടർന്ന് ഇവിടെ പോലീസ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. രാത്രി 12 മണിക്ക് ശേഷം മാനവീയം വീഥി വിട്ട് ആളുകൾ പോകണമെന്ന് പോലീസ് നിർദേശം നൽകിയിരുന്നു.
കഴിഞ്ഞ മാസവും മാനവീയം വീഥിയിൽ യുവാക്കൾ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. പൂന്തുറ സ്വദേശിയായ യുവാവിനെയാണ് ഒരു കൂട്ടം ആളുകൾ ചേർന്ന് മർദ്ദിച്ചത്. യുവാവിനെ മർദ്ദിക്കുമ്പോൾ മറ്റ് യുവാക്കൾ ചുറ്റും കൂടി നിന്ന് നൃത്തം ചെയ്യുന്നതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
Discussion about this post