ഭുവനേശ്വര്‍: ഒഡീഷയില്‍ കുഴല്‍ക്കിണറില്‍ നിന്ന് രക്ഷപ്പെടുത്തിയ നവജാതശിശു അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ . കുഴല്‍ക്കിണറിനുള്ളില്‍ പ്ലാസ്റ്റിക് കുപ്പിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം ഒഡീഷയിലെ സംബാല്‍പൂരിലാണ് സംഭവം.രക്ഷപ്പെടുത്തുമ്പോള്‍ കുഞ്ഞിന് ഒരു ദിവസം മാത്രമേ പ്രായമുണ്ടായിരുന്നോള്ളു.
കുഴല്‍ക്കിണറിനുള്ളില്‍ നിന്ന് കുട്ടിയുടെ കരച്ചില്‍ കേട്ട ഗ്രാമീണരാണ് ആദ്യം അധികൃതരെ വിവരമറിയിച്ചത്. ഉടന്‍ തന്നെ പോലീസും അഗ്നിശമന സേനയും ആരോഗ്യ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി കുഞ്ഞിനെ രക്ഷപ്പെടുത്തി.13 അടി താഴ്ചയിലാണ് കുട്ടി കുഴല്‍ക്കിണറില്‍ കുടുങ്ങിയത്. ഇരുമ്പ് പൈപ്പ് നവജാതശിശുവിനെ സുരക്ഷിതമായി നിലനിര്‍ത്തിയെങ്കിലും പൈപ്പ് മുറിച്ച് കുഞ്ഞിനെ പുറത്തെടുക്കുക എന്നത് സംഘത്തിന് ബുദ്ധിമുട്ടായിരുന്നു എന്ന് അഗ്നിശമന സേന പറഞ്ഞു.
ബുര്‍ളയിലെ വീര്‍ സുരേന്ദ്ര സായി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് റിസര്‍ച്ചിലെ പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റില്‍ (എസ്എന്‍സിയു) കുഞ്ഞ് ചികിത്സയിലാണ്. സുഭാഷ് ചന്ദ്ര മാജിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഡോക്ടര്‍മാരുടെ സംഘം കുഞ്ഞിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്.
സംഭവവുമായി ബന്ധപ്പെട്ട് ഐപിസി സെക്ഷന്‍ 307 (കൊലപാതകശ്രമം) കൂടാതെ ഐപിസിയിലെ മറ്റ് വകുപ്പുകള്‍ പ്രകാരവും പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.സംഭവം എങ്ങനെ നടന്നുവെന്ന് അന്വേഷിക്കുമെന്നും ഉത്തരവാദികളെ കണ്ടെത്തുമെന്നും പോലീസ് അറിയിച്ചു.








