മഥുര: മഥുര കൃഷ്ണഭൂമി കേസിൽ ഹൈക്കോടതിയുടെ സുപ്രധാന ഇടപെടൽ. മഥുരയിലെ ഷാഹി ഈദ്ഗാഹ്-കൃഷ്ണ ജന്മഭൂമി തർക്കവുമായി ബന്ധപ്പെട്ട് പള്ളിയിൽ പരിശോധന നടത്താൻ കമ്മീഷനെ നിയോഗിക്കണമെന്ന ഹർജി അലഹബാദ് ഹൈക്കോടതി അനുവദിച്ചു. മൂന്നംഗ അഭിഭാഷക കമ്മിഷനെ നിയമിക്കാനാണ് ജസ്റ്റിസ് മായങ്ക് കുമാർ ജെയ്ൻ അനുമതി നൽകിയത്. പരിശോധന രീതികളും അഭിഭാഷക സംഘത്തേയും അന്തിമമാക്കാൻ ഡിസംബർ 18ന് കോടതി വീണ്ടും വിഷയം പരിഗണിക്കുമെന്നാണ് വിവരം.
ആരാധനാമൂർത്തിയായ ഭഗവാൻ ശ്രീകൃഷ്ണ വിരാജ്മാനും മറ്റ് ഏഴ് പേരുമാണ് പ്രധാന ഹർജി സമർപ്പിച്ചിരിക്കുന്നത്.യു.പി സുന്നി സെൻട്രൽ വഖഫ് ബോർഡ്, ഷാഹി ഈദ്ഗാഹ് മസ്ജിദ് കമ്മിറ്റി എന്നിവരാണ് എതിർകക്ഷികൾ.
ഷാഹി ഈദ്ഗാഹ് മസ്ജിദിൽ താമരയുടെ ആകൃതിയിലുള്ള ഒരു സ്തംഭം നിലവിലുണ്ടെന്നും കൃഷ്ണൻ ജനിച്ച രാത്രിയിൽ അദ്ദേഹത്തെ സംരക്ഷിച്ച ഹൈന്ദവ ദേവന്മാരിൽ ഒരാളായ ശേഷനാഗിന്റെ ചിത്രവും മസ്ജിദിന്റെ അടിയിലുണ്ടെന്നും ഹർജിയിൽ പറയുന്നു. മസ്ജിദിന്റെ തൂണിന്റെ ചുവട്ടിൽ ഹിന്ദുമത ചിഹ്നങ്ങളും കൊത്തുപണികളും കാണാം. യാഥാർത്ഥ്യമറിയാൻ അഭിഭാഷക കമ്മീഷനെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജിക്കാർ കോടതിയെ സമീപിച്ചത്.









