എറണാകുളം : കിഫ്ബി മസാല ബോണ്ട് കേസില്‍ നിയമലംഘനത്തിന് തെളിവുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കേസിൽ പുതിയ സമന്‍സ് നല്‍കുമെന്നും ഇ ഡി വ്യക്തമാക്കി. കിഫ്ബിക്ക് എതിരെ അന്വേഷണത്തിന് തെളിവുകളില്ലെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിയോട് പ്രതികരിക്കുകയായിരുന്നു ഇഡി.
തെളിവുകളുണ്ടോയെന്ന് അന്വേഷണം നടത്താനാവില്ലെന്നും തെളിവുകളുണ്ടെങ്കില്‍ അന്വേഷണം ആകാമെന്നുമാണ് കിഫ്ബി മസാല ബോണ്ട് വിഷയത്തിൽ ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവ്.
കിഫ്ബിക്കെതിരെ പ്രാഥമികമായി തെളിവ് ഉണ്ടെന്നും കൂടുതൽ തെളിവുകൾ കണ്ടെത്താനാണ് വിശദമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെടുന്നതെന്നും ഇഡി വ്യക്തമാക്കി. തെളിവിന്റെ അടിസ്ഥാനത്തില്‍ പുതിയ സമന്‍സ് നല്‍കും. ഹൈക്കോടതി ഉത്തരവ് ലഭിച്ച ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും ഇ ഡി അറിയിച്ചു.
മസാല ബോണ്ട് കേസില്‍ ഇ ഡിക്ക് പുതിയ സമന്‍സ് അയക്കാന്‍ അനുമതി നല്‍കിയ ദേവന്‍ രാമചന്ദ്രന്‍ അധ്യക്ഷനായ ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് നേരത്തെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. ഡോ. തോമസ് ഐസക്കും കിഫ്ബിയും സമര്‍പ്പിച്ച അപ്പീല്‍ പരിഗണിച്ചായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.
Discussion about this post