കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. തിരുവനന്തപുരത്ത് ബിജെപി നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പതിനഞ്ച് വർഷമായി കേരളത്തെ വീക്ഷിക്കുന്നുണ്ട്. ഇവിടുത്തെ രാഷ്ട്രീയം മനസിലാക്കുന്നു. ബിജെപിയുടെ ലക്ഷ്യം കേരളത്തിന്റെ വികസനം ആണെന്നും സിപിഎമ്മിന്റെ ലക്ഷ്യം അണികളുടെ വികസനമാണെന്നും അദ്ദേഹം വിമർശിച്ചു.
പിണറായി വിദേശത്ത് പോയിരിക്കുകയാണെന്നും ഇവിടെ ബിജെപിയുടെ വലിയ സമ്മേളനം നടക്കുന്നുണ്ടെന്ന് അദ്ദേഹം അറിയണമെന്നും അമിത് ഷാ കൂട്ടിച്ചേർത്തു. എൽഡിഎഫിനും യുഡിഎഫിനും അഴിമതിയുടെ ചരിത്രമാണുള്ളത്. രാജ്യത്തെ ഏറ്റവും വലിയ അഴിമതിയാണ് സ്വർണ്ണക്കടത്ത്. യുഡിഎഫും അഴിമതിയുടെ കാര്യത്തിൽ പിന്നിലല്ല. സോളാർ അടക്കമുള്ള ആരോപണങ്ങളും അമിത് ഷാ ചൂണ്ടിക്കാട്ടി
കേരളം എൽഡിഎഫിനും യുഡിഎഫിനും നിരവധി അവസരം നൽകി. അക്രമവും അഴിമതിയും പ്രീണനവുമാണ് തിരികെ നൽകിയത്. കേരളത്തിൽ തഴച്ചുവളർന്ന മത തീവ്രവാദ രാഷ്ട്രീയത്തിന് തടയിട്ടത് നരേന്ദ്രമോദി സർക്കാരാണ്. പിഎഫ്‌ഐക്കെതിരെ എന്ത് നടപടിയാണ് കേരളം ഭരിക്കുന്ന ഇടതുപക്ഷ സർക്കാരെടുത്തത്. മാറ്റം വേണമെങ്കിൽ ബിജെപിയെ വിജയിപ്പിക്കണം. 2026ൽ കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തും. നിയമസഭ തിരഞ്ഞെടുപ്പിന് ഒരുങ്ങാനും പ്രവർത്തകർക്ക് അദ്ദേഹം നിർദേശം നൽകി
കേരളത്തിൽ യഥാർത്ഥ വികസനം വരണമെങ്കിൽ ബിജെപി അധികാരത്തിൽ വരണം. എൽഡിഎഫും യുഡിഎഫും മാറി വന്നിട്ട് കാര്യമില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ 25 ശതമാനത്തിലധികം വോട്ടുകൾ നേടണം. ഇന്ന് മുതൽ നവംബർ വരെയുള്ള സമയം ബിജെപിയുടെ വികസിത കേരള സ്വപ്നത്തിന് വേണ്ടി സമർപ്പിക്കാൻ തയ്യാറാണോയെന്ന് അമിത് ഷാ അണികളോട് ചോദിച്ചു
Discussion about this post