കൊല്ലം: കൊല്ലം ജില്ലയിലെ ചക്കുവള്ളി പരബ്രഹ്മ ക്ഷേത്ര മൈതാനം നവകേരള സദസ്സിന്റെ വേദിയാക്കാനുള്ള സർക്കാർ നീക്കത്തിന് തിരിച്ചടി. അനുമതി നൽകിയ ദേവസ്വം ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ക്ഷേത്രത്തിന്റെ പ്രവർത്തനങ്ങളെ ബാധിക്കുമെന്ന ഹർജിക്കാരുടെ വാദം ശരിവച്ചാണ് കോടതി വിധി. കുന്നത്തൂർ മണ്ഡലത്തിൽ തിങ്കളാഴ്ചയാണ് നവകേരള സദസ്സ്.
ഡിസംബർ 18ന് നവകേരള സദസ്സ് നടത്താൻ ചക്കുവള്ളി പരബ്രഹ്മ ക്ഷേത്രത്തിൻറെ മൈതാനം വിട്ടു നൽകുന്നത് ചോദ്യം ചെയ്ത് കൊല്ലം കുന്നത്തൂർ സ്വദേശി ജെ. ജയകുമാർ, മൈനാഗപ്പള്ളി സ്വദേശി ഓമനക്കുട്ടൻ പിള്ള എന്നിവരാണ് കോടതിയെ സമീപിച്ചത്. ഇതിന് പിന്നാലെ ക്ഷേത്ര മൈതാനം സർക്കാറിൻറെ നവകേരള സദസ്സ് നടത്താൻ അനുമതി നൽകിയ ഉത്തരവിൻറെ പകർപ്പ് ഹാജരാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.
ഇന്ന് കോടതി കേസ് പരിഗണിച്ചപ്പോൾ, ചക്കുവള്ളി ക്ഷേത്ര മൈതാനം പുറമ്പോക്ക് ഭൂമിയാണെന്ന് സർക്കാർ കോടതിയിൽ വാദിച്ചിരുന്നു. എന്നാൽ ഇത് തള്ളിയാണ് കോടതി വിധി പ്രസ്താവിച്ചത്.
Discussion about this post