രാമക്ഷേത്രത്തിന്റെ ഒന്നാം നിലയുടെ ചിത്രങ്ങൾ പങ്കുവെച്ച് ക്ഷേത്ര ട്രസ്റ്റ്
രാമജന്മഭൂമി ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന രാം മന്ദിർ ക്ഷേത്ര ട്രസ്റ്റ് ക്ഷേത്രത്തിന്റെയും ക്ഷേത്രത്തിനുള്ളിലെ കൊത്തുപണികളുടെയും നിർമ്മാണ പുരോഗതി വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പലപ്പോഴും പങ്കുവെക്കാറുണ്ട്. ഇപ്പോൾ ഇതാ രാമക്ഷേത്രത്തിന്റെ ഒന്നാം നിലയുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ക്ഷേത്ര ട്രസ്റ്റ്. ട്രസ്റ്റിന്റെ മേൽനോട്ടത്തിൽ ക്ഷേത്രത്തിന്റെ നിർമ്മാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
ജനുവരി 22 ന് അയോദ്ധ്യയിലെ രാം ലല്ല ക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിന് മുന്നോടിയായി ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് നിർമ്മാണ പുരോഗതി വെളിപ്പെടുത്തുന്ന ചിത്രങ്ങൾ പങ്കുവെച്ചത്.
കഴിഞ്ഞയാഴ്ച ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയും വിഎച്ച്പി നേതാവുമായ ചമ്പത് റായ് ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ചിത്രങ്ങളും പങ്കുവെച്ചിരുന്നു. പ്രതിഷ്ഠാ ചടങ്ങിൽ രാംലല്ലയുടെ വിഗ്രഹം പുതുതായി നിർമ്മിച്ച രാമക്ഷേത്രത്തിന്റെ ശ്രീകോവിലിൽ സ്ഥാപിക്കുകയും അതിനുശേഷം അത് ഭക്തർക്കായി തുറന്നു നൽകുകയും ചെയ്യും.
2020 ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് തറക്കല്ലിട്ടത്. 2024
ജനുവരി 22 ന് നടക്കുന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടനച്ചടങ്ങിലും പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ഉച്ചയ്ക്ക് 12.15 ന് ആണ് രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടത്തുക. 3,000 വിവിഐപികൾ ഉൾപ്പെടെ 7,000 ത്തിലധികം അതിഥികൾക്കാണ് പ്രാണപ്രതിഷ്ഠ ചടങ്ങിന് ക്ഷണമുള്ളത്.
Discussion about this post