ഇന്ന് ഡിസംബർ 16 വിജയ് ദിവസ്. 52 വർഷങ്ങൾക്ക് മുമ്പ് ഒരു ഡിസംബർ പതിനാറിനാണ് 93000 പാകിസ്താൻ പട്ടാളക്കാർ ഇന്ത്യക്ക് മുന്നിൽ ആയുധം വച്ച് നിരുപാധികമായി കീഴടങ്ങിയത്. മഹാശക്തികളായ ബ്രിട്ടണും അമേരിക്കയും വരെ പാകിസ്താന് പിന്നിൽ അണിനിരന്ന യുദ്ധം, ഇന്ത്യൻ സൈന്യത്തിന്റെ ധീരതയും ഇച്ഛാശക്തിയും ലോകത്തിനു മുമ്പിൽ വിളംമ്പരം ചെയ്ത അപൂർവ്വ സാഹചര്യമായിരുന്നു.
എല്ലാം തുടങ്ങുന്നത് 1947 ലെ വിഭജനത്തോട് കൂടിയായിരുന്നു
1947 ഓഗസ്റ്റിൽ ഏതാണ്ട് മൂന് നൂറ്റാണ്ട് നീണ്ടുനിന്ന കിരാത ഭരണത്തിന് ശേഷം ബ്രിട്ടീഷുകാർ ഇന്ത്യ വിടുവാൻ തീരുമാനിച്ചു. എന്നാൽ ഒരിക്കലും ഉണങ്ങരുത് എന്ന് മനസ്സിൽ കണ്ടു കൊണ്ട് ഭാരതത്തിന്റെ ഹൃദയത്തിൽ വിലങ്ങനെ തന്നെ ഒരു മുറിവുണ്ടാക്കി കൊണ്ടായിരുന്നു അവർ പോയത്. ഇന്ത്യാ മഹാരാജ്യത്തെ മതത്തിന്റെ പേരിൽ രണ്ടായി വിഭജിച്ചു (സത്യത്തിൽ മൂന്നായി). ഹിന്ദു ഭൂരിപക്ഷ ഭാരതവും മുസ്‌ലിം ഭൂരിപക്ഷ പടിഞ്ഞാറൻ പാക്കിസ്താനും കിഴക്കൻ പാകിസ്താനും (ബംഗ്ലാദേശ് ). ഭാരതത്തിന്റെ ഇടതും വലതും രണ്ട് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങൾ. കൂടാതെ ഭാരതത്തിന്റെ ഒത്ത നടുക്ക് സ്വതന്ത്ര രാജ്യ അഭിലാഷവുമായി നിൽക്കുന്ന നിസാമിന്റെ ഹൈദരാബാദ്.എന്നാൽ നിസാമിന്റെ സ്വപ്നങ്ങളുടെ നട്ടെല്ല് സർദാർ വല്ലഭായ് പട്ടേൽ അടിച്ചൊതുക്കി പക്ഷെ അപ്പോഴും രണ്ടു വശങ്ങളിലും രണ്ട് ശത്രു രാജ്യങ്ങൾ.
പാകിസ്താൻ എന്ന ഒറ്റ പേരിന്റെ കീഴെ ആരുടെയോ ആശയത്താൽ കൊണ്ടുവന്നെങ്കിലും പടിഞ്ഞാറൻ പാകിസ്താനും കിഴക്കൻ പാകിസ്താനും തുടക്കം മുതലേ രണ്ട് രാജ്യങ്ങൾ തന്നെയായിരുന്നു. രണ്ട് വിഭിന്ന സംസ്കാരം ആയവരെ ഒരുമിപ്പിക്കാൻ മതത്തിന്റെ പേരിൽ കൊണ്ടുവന്ന ദ്വി രാഷ്ട്ര സിദ്ധാന്തത്തിന് ആയില്ല.
സ്വാതന്ത്രം നേടിയതിന് തൊട്ടു പിന്നാലെ തന്നെ ബംഗാളി അവകാശങ്ങൾക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങളും ആരംഭിച്ചു കഴിഞ്ഞിരുന്നു. 1971 മാർച്ചിൽ പാകിസ്താൻ സൈന്യം ബംഗ്ലാദേശിലെ ജമാ അത് ഇസ്ലാമിയുടെ കൂട്ടുപിടിച്ച് പൊതുജനങ്ങൾക്ക് എതിരായും ദേശീയപ്രസ്ഥാനങ്ങൾക്ക് എതിരായും അവിടെ അക്രമം അഴിച്ചു വിടുവാൻ തുടങ്ങി. പ്രാണരക്ഷാർത്ഥം ലക്ഷക്കണക്കിന് ജനങ്ങൾ ഇന്ത്യയിലെ ബംഗ്ലാദേശ് അതിർത്തി സംസ്ഥാനങ്ങളിലേക്ക് പലായനം ചെയ്തു.
പാകിസ്ഥാൻ സൈന്യത്തിലെ അംഗങ്ങളും പാകിസ്ഥാൻ അനുകൂല ഇസ്ലാമിസ്റ്റ് മിലിഷ്യകളെ പിന്തുണയ്ക്കുന്നവരും കൂടി ബംഗ്ലാദേശിൽ 3,00,000 നും 30,00,000 നും ഇടയിൽ സാധാരണക്കാരെ കൊന്നതായിട്ടാണ് കണക്കാക്കപ്പെടുന്നത്.
ഈ യുദ്ധത്തിൽ പാകിസ്ഥാൻ സൈന്യത്തിലെ അംഗങ്ങളും പാകിസ്ഥാൻ അനുകൂല ഇസ്ലാമിസ്റ്റ് മിലിഷ്യകളെ പിന്തുണയ്ക്കുന്ന റസാക്കർമാർ എന്ന് വിളിക്കപ്പെടുന്നവരും ചേർന്ന് രണ്ട് മുതൽ നാല് ലക്ഷം വരെ ബംഗ്ലാദേശി സ്ത്രീകളെയും പെൺകുട്ടികളെയും വ്യവസ്ഥാപിതമായ വംശഹത്യ രീതിയിൽ ബലാത്സംഗം ചെയ്തു എന്നാണ് കണക്കാക്കപ്പെടുന്നത്.
എന്നാൽ 1971 ഡിസംബർ 3 ന് ഓപ്പറേഷൻ ചെങ്കിസ്ഖാൻ എന്ന പേരിൽ ഇന്ത്യയുടെ വ്യോമത്താവളങ്ങളെ പാകിസ്താൻ ആക്രമിച്ചു, അതോടു കൂടി ഔദ്യോഗികമായി ഇന്ത്യ പാകിസ്താനോട് യുദ്ധം പ്രഖ്യാപിച്ചു
യുദ്ധത്തിൽ ഇന്ത്യ ഔദ്യോഗികമായി പ്രവേശിച്ചതോടെ പടിഞ്ഞാറൻ മുന്നണികളിൽ ഏർപ്പെട്ടിരിക്കുന്ന ഇന്ത്യൻ, പാകിസ്ഥാൻ സേനകളുമായുള്ള നിലവിലുള്ള സംഘർഷം വർദ്ധിച്ചു. എന്നാൽ യുദ്ധം ആരംഭിച്ച് വെറും പതിമൂന്ന് ദിവസങ്ങൾക്ക് ശേഷം, ഇന്ത്യ വ്യക്തമായ മേൽക്കൈ നേടി, 1971 ഡിസംബർ 16-ന് ധാക്കയിൽ വെച്ച് പാകിസ്ഥാൻ സൈന്യത്തിന്റെ ഈസ്റ്റേൺ കമാൻഡ് നിരുപാധികം കീഴടങ്ങാനുള്ള കരാറിൽ ഒപ്പുവച്ചു. ഏകദേശം 93,000 പാകിസ്ഥാൻ സൈനികരെ ഇന്ത്യൻ സൈന്യം തടവിലാക്കി,
ഇന്ത്യൻ പക്ഷത്തു നിന്നും ഇന്ത്യൻ ഈസ്റ്റേൺ കമാൻഡിലെ ലെഫ്റ്റനന്റ് ജനറൽ ജഗ്ജിത് സിംഗ് അറോറയും പാകിസ്ഥാൻ ഈസ്റ്റേൺ കമാൻഡിന്റെ കമാണ്ടർ ലെഫ്റ്റനന്റ് ജനറൽ എ.എ.കെ നിയാസിയും തമ്മിൽ ഇൻസ്ട്രുമെന്റ് ഓഫ് സറണ്ടർ അഥവാ കീഴടങ്ങൽ ഉടമ്പടി ഒപ്പുവച്ചു. കീഴടങ്ങലിനുശേഷം, ഇന്ത്യൻ സൈന്യം ഏകദേശം 90,000 പാകിസ്ഥാൻ സൈനികരെയും അവരുടെ ബംഗാളി അനുയായികളെയും യുദ്ധത്തടവുകാരാക്കി ,രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും വലിയ കീഴടങ്ങലാണിത്.
അങ്ങനെ ഇന്ത്യയും പാക്കിസ്താനും തമ്മിൽ നടന്ന 1971 ലെ ബംഗ്ലാദേശ് വിമോചനയുദ്ധം കണക്കുകൾ കൊണ്ടും, അചഞ്ചലമായ പോരാട്ട വീര്യം കൊണ്ടും യുദ്ധനിപുണത കൊണ്ടും ഭാരതത്തിന്റെ യുദ്ധ ചരിത്രത്തിലെ ഒരു പൊൻതൂവലായി നിലകൊള്ളുന്നു
Discussion about this post