തിരുവനന്തപുരം : സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കാനം രാജേന്ദ്രന്റെ മരണത്തെ തുടർന്ന് സെക്രട്ടറി സ്ഥാനത്തേക്ക് ബിനോയ് വിശ്വത്തെ നിയമിച്ചതിൽ പാർട്ടിയിൽ എതിർപ്പ്. സിപിഐയിലെ മുതിർന്ന നേതാവായ കെ ഇ ഇസ്മായിൽ പരസ്യമായി എതിർപ്പ് ഉന്നയിച്ച് രംഗത്തെത്തി. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പിന്തുടർച്ച അവകാശം ഇല്ലെന്നും കീഴ്‌വഴക്കങ്ങൾ തെറ്റിച്ചാണ് ബിനോയ് വിശ്വത്തെ സെക്രട്ടറി സ്ഥാനത്തേക്ക് നിയമിച്ചിട്ടുള്ളതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സിപിഐയിൽ സംസ്ഥാന സെക്രട്ടറിയുടെ അടിയന്തരാവശ്യം ഇല്ലായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാധാരണഗതിയിൽ എക്സിക്യൂട്ടീവും സംസ്ഥാന കമ്മിറ്റിയും ചേർന്ന് കൂടിയാലോചിച്ച ശേഷമാണ് സെക്രട്ടറിയെ നിയമിക്കുന്നത്. ശനി ഞായർ ദിവസങ്ങളിൽ ഭുവനേശ്വറിൽ സിപിഐ ദേശീയ എക്സിക്യൂട്ടീവ് ചേരുന്നുണ്ട്. ഈ എക്സിക്യൂട്ടീവിൽ ദേശീയ നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷം മാത്രം കേരളത്തിലെ സംസ്ഥാന സെക്രട്ടറിയെ നിയമിച്ചാൽ മതിയായിരുന്നു എന്നാണ് തന്റെ അഭിപ്രായം എന്നും കെ ഇ ഇസ്മായിൽ വ്യക്തമാക്കി.
നിലവിൽ കേരളത്തിലെ സിപിഐക്ക് രണ്ട് അസിസ്റ്റന്റ് സെക്രട്ടറിമാരും സംസ്ഥാന എക്സിക്യൂട്ടീവും നാഷണൽ എക്സിക്യൂട്ടീവ് അംഗങ്ങളും ഉണ്ട്. അത്തരമൊരു സാഹചര്യത്തിൽ തിടുക്കപ്പെട്ട് സംസ്ഥാന സെക്രട്ടറിയെ നിയമിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ആവശ്യമെങ്കിൽ താൽക്കാലിക ചുമതല മാത്രം നൽകാമായിരുന്നു. അത്തരത്തിൽ താൽക്കാലിക ചുമതല നൽകുന്ന കീഴ്‌വഴക്കം പാർട്ടിയിൽ നേരത്തെ തന്നെ ഉള്ളതാണ് എന്നും കെ ഇ ഇസ്മായിൽ വ്യക്തമാക്കി.
Discussion about this post