ശ്രീനഗർ: ജമ്മുകശ്മീരിലെ അഖ്‌നൂർ ജില്ലയിൽ റോഡ് നിർമ്മാണത്തിനായുള്ള കുഴിയെടുക്കുന്നതിനിടെ തുരുമ്പിച്ച ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെത്തി. സംഭവത്തെ തുടർന്ന് പോലീസും പിന്നീട് സൈനിക ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയതായി സബ് ഡിവിഷണൽ പോലീസ് ഓഫീസർ അഖ്‌നൂർ മോഹൻ ശർമ്മ പറഞ്ഞു.
ഇതിന് പുറമേ, കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ തനമാഡി മേഖലയിൽ ആയുധങ്ങൾ കണ്ടെത്തിയിരുന്നു. സൈന്യവും ജമ്മു കശ്മീർ പോലീസും സെൻട്രൽ റിസർവ് പോലീസ് ഫോഴ്സും ദർഹാലിനടുത്തുള്ള ദാദ്രുണി പ്രദേശത്ത് നടത്തിയ തിരിച്ചിലിൽ ആണ് വൻ ആയുധ ശേഖരം കണ്ടെത്തിയത്. വെടിമരുന്ന് നിറച്ച പിസ്റ്റളുകൾ, മാഗസിനുകൾ, ഗ്രനേഡുകൾ എന്നിവയാണ് കണ്ടെത്തിയത്.








